road

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പഞ്ചായത്ത് റോഡുകൾ നവീകരിക്കുന്ന പുതിയ സംരംഭത്തിന്റെ ഭാഗമായാണ് നഗരൂർ പഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ ഹൈടെക് ആകുന്നത്. ഈ റോഡുകളുടെ നവീകരണം അന്തിമഘട്ടത്തിലാണ്. പഞ്ചായത്തിന്റെ ഒരു ഭാഗത്ത് കൂടി ദേശീയപാതയും മറു ഭാഗത്തു കൂടി സംസ്ഥാന പാതയും കടന്നു പോകുന്നുണ്ട്. ദേശീയപാതയെയും സംസ്ഥാനപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിളിമാനൂർ - ആലംകോട് റോഡിൽ നിന്നുള്ള ഇടറോഡുകളിൽ വീതി കുറവും മറ്റും കാരണം വർഷങ്ങളായി യാത്രാദുരിതം രൂക്ഷമായിരുന്നു. മഴക്കാലമായാൽ ചെളിക്കെട്ടും മലിനജലവും കാരണം പ്രദേശത്തുള്ളവർക്ക് അസുഖമായാൽ പോലും വാഹനം വിളിച്ചാൽ വരാത്ത അവസ്ഥയാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബി. സത്യൻ എം.എൽ.എയുടെ ശ്രമഫലമായി റോഡുകൾ ആധുനികവത്കരിക്കുന്നത്. പണി പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് നാഷണൽ ഹൈവേയിലേക്കും സംസ്ഥാന പാതയിലേക്കും പെട്ടെന്നു പ്രവേശിക്കാൻ കഴിയുന്നതോടൊപ്പം നീണ്ട നാളത്തെ യാത്രാദുരിതത്തിനും ആശ്വാസമാകും.

നിർമ്മാണം ഇങ്ങനെ

ബി.എം ആൻഡ് ബി.സി നിലവാരത്തിൽ.

ഫണ്ട് - നബാർഡിന്റെ 8.67 കോടി രൂപ.

5.5 മീറ്റർ മുതൽ 7 മീറ്റർ വീതിയിൽ ടാറിംഗ്

ചുമതല പൊതുമരാമത്ത് വകുപ്പിന്.

വീതി 15 മീറ്റർ

നീളം 8 കി.മീ.

നവീകരിക്കുന്ന റോഡുകൾ:-

കളത്തറ - വെള്ളാപ്പള്ളി - വെള്ളല്ലൂർ റോഡ്

 ആൽത്തറമൂട് - ആലത്തുകാവ് റോഡ്

ഊന്നൻ കല്ലിൽ റോഡ്

കേശവപുരം ആശുപത്രി റോഡ്