വെള്ളറട: മലയോരഗ്രാമങ്ങളിൽ വഴിയോരക്കച്ചവടം ചെയ്യുന്നവർക്ക് ആവശ്യം സുരക്ഷിതമായി കച്ചവടം ചെയ്യാൻ ഒരിടം വേണമെന്നതാണ്. മാർക്കറ്റിൽ സാധനങ്ങൾ വില്കാനും വാങ്ങാനും വരുന്നവർക്ക് ഒരു സുരക്ഷയുമില്ലാതെയാണ് ഇവിടുത്തെ കച്ചവടം. സ്വന്തമായി ഒതുങ്ങിയ ഒരിടം ഉണ്ടെങ്കിൽ സ്വസ്ഥമായി കച്ചവടം ചെയ്യാമെന്നാണ് കച്ചവടക്കാരുടെ പക്ഷം. വെള്ളറടയിലെ ആനപ്പാറയിൽ സർക്കാർ സ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് അധികൃതർ മാർക്കറ്റ് അവിടെനിന്ന് ഒഴിപ്പിച്ചതോടെയാണ് വ്യാപാരികളുടെ കഷ്ടകാലം തുടങ്ങിയത്. കച്ചവടം ചെയ്ത് കുടുംബം പുലർത്തിയിരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള വ്യാപാരികൾ കഷ്ടത്തിലായി. ഇതോടെ റോഡിൽ കാരമൂട്ടിൽ റോഡുവക്കിൽ ചന്ത കൂടാൻ തുടങ്ങിയത്. നിലവിൽ ആവശ്യമായി സാധനങ്ങൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ വാങ്ങാനും കച്ചവടക്കാർക്ക് വിൽക്കാനും കഴിയാത്ത അവസ്ഥയാണ്.