തിരുവനന്തപുരം: ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ബിഗ് ഡാറ്റ, മെഷിൻ ലേണിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഐ.ടി സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനായി നെതർലൻഡ് സ്ഥാപനമായ ദ നെതർലൻഡ്സ് ഓർഗനൈസേഷൻ ഒഫ് അപ്ലൈഡ് സയന്റിഫിക് റിസർച്ചുമായി ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഐ.ടി വകുപ്പിന് കീഴിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്ട്‌വെയർ (ഐസിഫോസ്) ആണ് കരാറൊപ്പിടുന്നത്. ഇത്തരം നൂതന സാങ്കേതികമേഖലകളിൽ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുകയാണ് ലക്ഷ്യം.
സ്മാർട്ട് വില്ലേജസ്, വാട്ടർ മാനേജ്മെന്റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിളസംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുദ്ദേശിച്ചാണ് സഹകരണം. ഫോർത്ത്കോഡ് നെതർലൻഡ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.