നെടുമങ്ങാട്∙ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ സർവീസ് മുടക്കം പതിവായതോടെ മലയോര മേഖലയിലേക്കുള്ള യാത്രക്കാർ ദുരിതത്തിലായെന്ന് പരാതി. അടുത്തിടെ, നിരവധി സർവീസുകളാണ് ഡിപ്പോയിൽ നിറുത്തലാക്കിയത്. രാവിലെ 7ന് ചുള്ളിമാനൂർ, പനവൂർ, പേരയം സർവീസ്, 10.20ന് പൂവക്കാട്, ഉച്ചക്ക് 2ന് ചുള്ളിമാനൂർ, പനവൂർ, പാണയം എന്നീ സർവീസുകൾ മുടങ്ങിയിട്ട് മാസങ്ങളായി. രാവിലെ 8.10നുള്ള ചുള്ളിമാനൂർ, പനവൂർ, പേരയം സർവീസും അടിക്കടി മുടങ്ങുകയാണ്. സ്കൂൾ വിദ്യാർത്ഥികളും വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാരുമാണ് ബുദ്ധിമുട്ടിലായത്. പാണയം, പേരയം, പൂവക്കാട്, ആറ്റിൻപുറം എന്നിവിടങ്ങളിലുള്ളവർക്ക് കെ.എസ്.ആർ.ടി.സി ബസുകളാണ് ആശ്രയം. സർവീസ്‌ മുടക്കം അവസാനിപ്പിച്ച് പൊതുഗതാഗതം കാര്യക്ഷമമാക്കണമെന്നും ഇല്ലെങ്കിൽ ഡിപ്പോ ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ ട്രാൻ. അധികൃതർക്ക് നൽകിയ നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.