മതാതീത ആത്മീയതയുടെ ദീർഘവീക്ഷണത്തിലൂടെ ഗുരുദർശനത്തിന്റെ അന്തഃസത്ത തിരിച്ചറിഞ്ഞ ത്യാഗിയും യോഗിയും ജ്ഞാനിയുമായിരുന്നു സ്വാമി ശാശ്വതികാനന്ദ. സ്വാമി ശാശ്വതികാനന്ദയുടെ 70-ാം മത് ജയന്തി ദിനമായിരുന്നു ഇന്നലെ. 1950 ഫെബ്രുവരി 21ന് രേവതി നക്ഷത്രത്തിലാണ് സ്വാമിജിയുടെ ജനനം.
സാധാരണ ജീവിത സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന മണക്കാട് കുത്തുകല്ലുംമൂട്, പുത്തൻവിള പഴഞ്ചിറ കായിക്കരവീട്ടിൽ ചെല്ലപ്പന്റെയും കൗസല്യയുടെയം മൂത്ത മകനായാണ് ശശിധരൻ എന്ന് പൂർവാശ്രമത്തിൽ പേരുള്ള സ്വാമി ജനിച്ചത്. പ്രൈമറി വിദ്യാഭ്യാസം കൊഞ്ചറവിള സ്കൂളിൽ. തുടർന്ന്, എസ്.എം.വി സ്കൂൾ, ശിവഗിരി ഹൈസ്കൂൾ എന്നിവിടങ്ങളിലും പഠിച്ചു. വർക്കല ശ്രീനാരായണ കോളേജിൽ നിന്ന് ബി.എ പൂർത്തീകരിച്ചു. തുടർന്ന് ശിവഗിരിമഠം ബ്രഹ്മവിദ്യാലയത്തിലെ 1972 ലെ ആദ്യബാച്ച് വിദ്യാർത്ഥിയായി ബ്രഹ്മാനന്ദസ്വാമികളിൽ നിന്നും സന്യാസിദീക്ഷ സ്വീകരിച്ച് ശശിധരൻ സ്വാമി ശാശ്വതികാനന്ദയായി. 1982 ൽ ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറിയും 1984 ൽ ധർമ്മസംഘം പ്രസിഡന്റുമായി. തുടർന്നുള്ള നാളുകളിൽ മഹാഗുരുദേവദർശനം മതാതീത ആത്മീയതയാണെന്ന് തിരിച്ചറിഞ്ഞ് ജീവിതയാത്ര സഫലമാക്കി.
സ്വാമിജിയുടെ അറിവിന്റെ ആഴവും പരപ്പും ശിവഗിരി തീർത്ഥാടന സന്ദേശങ്ങളിൽ അനുഗ്രഹ പ്രഭാഷണത്തിൽ കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും നമ്മുടെ മുന്നിലുണ്ട്. ഒരിക്കൽ സ്വാമി ഇങ്ങനെ പറഞ്ഞു: ''നമ്മുടെ ഉള്ളിന്റെയുള്ളിൽ അമൂല്യമായ ഒരു വിളക്ക് സ്ഥിതിചെയ്യുന്നു. ആ അനശ്വര ദീപത്തെ കണ്ടെത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനുള്ള ക്ളാസ് മുറിയായി ശിവഗിരി തീർത്ഥാടനത്തെ കാണണം ''
സ്വാമിയുടെ ആത്മീയ പ്രഭാവവും സംഘാടന മികവും ഉൗഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. ശിവഗിരിയുടെ കനകജൂബിലിയും അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദിയും സംഘടിപ്പിച്ച രീതി ശ്രദ്ധിച്ചാൽ ഇത് മനസിലാകും. . ഗുരുദേവദർശനം വിശ്വമാനവികതയാണെന്ന് മനസിലാക്കാൻ സ്വാമിജിക്ക് വളരെ പെട്ടെന്ന് കഴിഞ്ഞു. ആ ദർശനം ജീവിതാന്ത്യം വരെയും അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്തു.
( ലേഖകൻ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറിയാണ് . ഫോൺ: 8078108298. )