വെള്ളറട: ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന പ്രതി വാഹന പരിശോധനയ്‌ക്കിടെ പിടിയിൽ. ചെമ്പൂര് ചിലമ്പറ നെല്ലിക്കപറമ്പ് ജോബി ഭവനിൽ ജോബി ജോസിനെയാണ് (30) 1.8 കിലോ കഞ്ചാവുമായി പാലിയോടിന് സമീപം കുഴിയിക്കടയിൽവച്ച് അമരവിള എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്പനയ്‌ക്കായി കൊല്ലം, കോട്ടയം, പത്തനംതിട്ട, ജില്ലകളിലെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ജോബിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ചെമ്പൂര് സ്വദേശി അനന്തുവിനെ പാറശാല പൊലീസ് പിടികൂടിയതോടെയാണ് കഞ്ചാവ് കടത്തുസംഘത്തെക്കുറിച്ച് എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. പിടിയിലായ ജോബി ജോസ് നിരവധി കേസുകളിൽ പ്രതിയാണ്. അമരവിള എക്സൈസ് ഇൻസ്‌പെക്ടർ എൽ.ആർ. അജീഷ്, സി.പി.ഒമാരായ സുബാഷ് കുമാർ, വിജേഷ് വി, ഇ.എ. അരുൺ, വിനോദ് കുമാർ, സനൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ജോബി ജോസിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.