thee-pidicha-veedu

ചിറയിൻകീഴ്: വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ചശേഷം അക്രമിസംഘം വീടിന് തീയിട്ടതായി പരാതി. ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിൽ ഓമന - ബാബു ദമ്പതികളുടെ ഉടമസ്ഥതയിലുള്ള കായൽവാരം വീടാണ് അക്രമകികൾ തീയിട്ട് നശിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ഓമനയെയും ബാബുവിനെയും ഇവർ മർദ്ദിച്ചവശരാക്കി. അക്രമം ഭയന്ന് ഇവർ തൊട്ടടുത്തുള്ള ബാബുവിന്റെ ഭാര്യാസഹോദരന്റെ വീട്ടിൽ അഭയംതേടി. രാത്രി രണ്ടിന് അക്രമികൾ വീണ്ടുമെത്തിയ വീടിന് തീയിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീട്ടിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡ്‌, ബാങ്ക് പാസ് ബുക്ക്, മറ്റ് വിലപ്പെട്ട രേഖകളും വീട്ട് സാധനങ്ങളും കത്തിനശിച്ചു. തീ ആളിക്കത്തി തൊട്ടടുത്ത വീട്ടിലേക്ക് പടർന്നെങ്കിലും ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്‌ക്കുകയായിരുന്നു. വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് കായലരികത്ത് വീണെങ്കിലും ആർക്കും പരിക്കില്ല. ഓമനയുടെ മകനും വേറൊരു സംഘവുമായി തർക്കുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വീട് ആക്രമിച്ചതെന്നാണ് സൂചന. അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരം അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി സംഭവസ്ഥലം സന്ദർശിച്ചു. അക്രമികളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് വി. ശശി ആവശ്യപ്പെട്ടു.