fire

വർക്കല: പാപനാശം തിരുവമ്പാടിയിൽ റസ്റ്റാറന്റ് ഉൾപ്പെടെ അഞ്ച് കച്ചവട സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 3.20ഓടെയായിരുന്നു തീപിടിത്തം. കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസ് ലീസിനു നൽകി ഇപ്പോൾ പെരുങ്കുളം പുത്തൻവീട്ടിൽ ഹസൻ നടത്തുന്ന ബോട്ട്സ്‌മാൻ കഫേ എന്ന റിസോർട്ടിലാണ് ആദ്യം തീപടർന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാശ്‌മീരി സ്വദേശി ഉമ്മർസിദ്ദിക്ക് മീറിന്റെ സോളം ഓഫ് കാശ്‌മീർ എന്ന കരകൗശല വില്പനശാല, വർക്കല പാളയംകുന്ന് കല്ലുകുന്നിൽ വീട്ടിൽ ബിന്ദുവിന്റെ ഐസ്ക്രീം വില്പനശാല, ഹരിപ്പാട് സ്വദേശി സക്കറിയയുടെ മാജിക് പീക്ക് കോക്ക് എന്ന സുഗന്ധദ്രവ്യ വില്പനശാല എന്നിവയാണ് പൂർണമായും കത്തിനശിച്ചത്. പ്രദേശത്ത് നിരവധി സ്ഥാപനങ്ങളുടെ ഗ്ലാസ് ചില്ലുകളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചിട്ടുണ്ട്. വർക്കല ഫയർഫോഴ്സിന്റെ മൂന്ന് വാഹനങ്ങളും ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ രണ്ട് വാഹനങ്ങളും പരവൂരിൽ നിന്നു ഒരു വാഹനവും ഉൾപ്പെടെ ആറ് വാഹനങ്ങളും തിരുവമ്പാടിയിൽ എത്തിയെങ്കിലും വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്തത് തിരിച്ചടിയായി. ഒടുവിൽ ഏറെ പണിപ്പെട്ട് സമീപത്തെ മറ്രൊരു റിസോട്ടിലെ മോട്ടോർ ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്‌താണ് തീ കെടുത്തിയത്. ഏകദേശം 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വർക്കല ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ അനിൽകുമാർ, വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഹൈഡ്രന്റ് സംവിധാനം പാപനാശം മേഖലയിൽ ഇല്ലാത്തത് ഇതിനുമുമ്പും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമായിട്ടുണ്ട്. വി. ജോയി എം.എൽ.എ, വർക്കല സി.ഐ ജി.ഗോപകുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.