തിരുവനന്തപുരം: സർക്കാർ ഏറ്റെടുത്ത തീർത്ഥപാദ മണ്ഡപം ഉൾപ്പെടുന്ന സ്ഥലത്ത് സ്വകാര്യ ട്രസ്റ്ര് 15 കോടി രൂപ മുടക്കി കെട്ടിടം പണിയാൻ ഒരുങ്ങുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് പാത്രക്കുളം ഉണ്ടായിരുന്ന സ്ഥലത്താണ് ചട്ടമ്പി സ്വാമികൾക്ക് സ്മാരകമന്ദരിരം പണിയാൻ ശ്രീവിദ്യാധിരാജ ട്രസ്റ്റ് ശ്രമം തുടങ്ങിയത്. ഇതിന്റെ ശിലാസ്ഥാപനം മാർച്ച് 10ന് മുഖ്യമന്ത്രി നടത്തുമെന്നാണ് ട്രസ്റ്ര് സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടെ മകനുമായ ഡോ.ആർ. അജയകുമാർ പറയുന്നത്. ഇതിനു മുന്നോടിയായി വാഴൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാർച്ച് 3ന് ശിലാഫലക രഥ ഘോഷയാത്ര ആരംഭിക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കോടികൾ വിലവരുന്ന ഈ സ്ഥലം മന്ത്രിസഭാ തീരുമാന പ്രകാരം സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കിയത്.
സംസ്ഥാന സർക്കാരിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലം 1976 ജൂൺ 9ന് ചട്ടമ്പി സ്വാമികൾക്ക് സ്മാരകം പണിയാനായി വിദ്യാധിരാജ ട്രസ്റ്റിന് പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ സ്മാരകം ഉണ്ടായില്ല. ക്രമേണ കുളം നികത്തുകയും ചെയ്തു. അതിനിടെ തീർത്ഥപാദ മണ്ഡപം ഉണ്ടാക്കി വാടകയ്ക്ക് കൊടുത്തെങ്കിലും പാട്ടത്തുക കൃത്യമായി സർക്കാരിലേക്കടച്ചിരുന്നില്ല. 2007ൽ ഈ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി തുടങ്ങിയെങ്കിലും ട്രസ്റ്റ് കോടതിയെ സമീപിച്ചു.
2017ൽ ഹൈക്കോടതി ട്രസ്റ്റിന്റെ വാദം അംഗീകരിച്ചു. എന്നാൽ, 2019 ഏപ്രിലിൽ ഇടതു സർക്കാർ സ്ഥലം തിരിച്ചെടുത്ത് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ചില വാദമുഖങ്ങൾ വച്ചുകൊണ്ടുള്ള ആ ഉത്തരവിനെതിരെ ട്രസ്റ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാർ നടപടി ശരിവച്ചിരിക്കുകയാണെന്നും ഏറ്രെടുക്കൽ ഉത്തരവിലുള്ള ചില പരാമർശങ്ങൾ മാറ്റി പുതിയ ഉത്തരവ് പുറപ്പെടുവിക്കാനാണ് നിർദ്ദേശിച്ചതെന്നും ഇതിനു മുന്നോടിയായുള്ള ഹിയറിംഗ് നടന്നുവരികയാണെന്നുമാണ് റവന്യൂ വകുപ്പ് പറയുന്നത്. ഇത് നിലവിൽ സർക്കാർ സ്ഥലമാണ്. സർക്കാർ സ്ഥലത്ത് സ്വകാര്യ ട്രസ്റ്രിന് കെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള പദ്മതീർത്ഥത്തിൽ നിന്ന് ഒഴുകുന്ന അധികജലം നേരത്തെ പാത്രക്കുളത്തിലേക്കാണ് എത്തിയിരുന്നത്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതെ തടഞ്ഞുനിറുത്തിയിരുന്നത് പാത്രക്കുളമാണ്.
''ഹൈക്കോടതി വിധി ഞങ്ങൾക്കനുകൂലമാണ്. സർക്കാർ അപ്പീൽ പോവാത്തതിനെ തുടർന്നാണ് പുതിയ പ്രോജക്ടുമായി സർക്കാരിനെ സമീപിച്ചത്. മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും റവന്യൂ സെക്രട്ടറിയെയും കണ്ടു.
-ഡോ. ആർ.അജയ് കുമാർ (ട്രസ്റ്റ് സെക്രട്ടറി)
"വിദ്യാധിരാജ ട്രസ്റ്രിന് കെട്ടിടം പണിയാൻ സർക്കാർ ഒരനുവാദവും നൽകിയിട്ടില്ല.
അവർക്ക് പറയാനുള്ളത് കേട്ടശേഷം വീണ്ടും ഉത്തരവിറക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അത് പ്രകാരം ഒരു തവണ ഹിയറിംഗ് നടന്നു. ഒരിക്കൽക്കൂടി അവരെ കേൾക്കും
-ഡോ. വി.വേണു, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി