തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന്റെ ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേർ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്ക് ശിവകുമാറുമായുള്ള ബന്ധം കണ്ടെത്തേണ്ടതുണ്ടെന്നും വിജിലൻസ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച എഫ്.എെ.ആറിൽ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാർ അടക്കം നാലുപേരെ പ്രതികളാക്കിയാണ് എഫ്.എെ.ആർ സമർപ്പിച്ചത്.
നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി ലെയിൻ ശ്രീനിലയത്തിൽ ഷെെജു ഹരൻ, ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാർ എന്നിവരെയാണ് വിജിലൻസ് ശിവകുമാറിന്റെ ബിനാമികളായി സംശയിക്കുന്നത്.
ശിവകുമാറിന്റെ ഉറ്റ അനുയായികളായ ഇവർ അദ്ദേഹം മന്ത്രിയായിരുന്ന 2011 മേയ് 18 മുതൽ 2016 മേയ് 20 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം രൂപയ്ക്ക് താഴെ മാത്രം വരുമാനം ഉണ്ടായിരുന്ന രാജേന്ദ്രൻ 33 ലക്ഷം രൂപയിലേറെ മൂല്യമുള്ള സ്വത്ത് സമ്പാദിച്ചിട്ടുണ്ട്, നാലര ലക്ഷം രൂപ വരുമാനം മാത്രമുള്ള ഷെെജു ഹരന്റെ സ്വത്ത് 26.5 ലക്ഷമായി ഉയർന്നു, മുപ്പത്തിയാറ് ലക്ഷം രൂപയുടെ സമ്പാദ്യമുള്ള അഭിഭാഷകന്റെ ചെലവ് 79.5ലക്ഷത്തിന് മുകളിലാണ്.
ഇയാൾക്ക് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഫ്ളാറ്റും വസ്തുവും ഉള്ളതായും കണ്ടെത്തി.
വഴുതക്കാട് ഗാന്ധി നഗർ സ്വദേശി പി.ആർ.വേണു ഗോപാലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ ആദ്യം പരാതി നൽകിയത്.