തിരുവനന്തപുരം : ലോകത്തെ ആയിരത്തിലധികം ഭാഷകളിലെ അക്ഷരങ്ങൾ ശിലയിൽ കൊത്തിവച്ചിട്ടുള്ള ചൈനയിലെ ഹർബിൻ കാലിഗ്രഫി സ്റ്റോൺ പാർക്കിൽ രണ്ട് ഇന്ത്യൻ ഭാഷയിലെ കൈയക്ഷരങ്ങളിലൊന്നായി മലയാള ലിപി തലയുയർത്തി നിൽക്കുന്നു. പൂന്താനത്തിന്റെ ശ്ലോകമാണ് നാരായണ ഭട്ടതിരിയുടെ ലിപിയിൽ ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നത് .
'കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന് നാം വൃഥാ "
ഈ പാർക്കിൽ സ്ഥാനം പിടിച്ചിട്ടുള്ള രണ്ടാമത്തെ ഇന്ത്യൻ കൈയക്ഷരം ബംഗാളി ഭാഷയിലുള്ള രബീന്ദ്രനാഥടാഗോറിന്റേതാണെന്നറിയുമ്പോഴേ ഇതിന്റെ മഹത്വം ബോദ്ധ്യപ്പെടൂ.
ലോകത്തിലാദ്യമായി അച്ചടിച്ച പുസ്തകം ജിക്ജിയുടെ സ്മരണാർത്ഥം ദക്ഷിണകൊറിയയിൽ പതിനഞ്ചു വർഷങ്ങളായി നടക്കുന്ന കാലിഗ്രഫി മത്സര പ്രദർശനത്തിൽ മലയാള ലിപിയുടെ മനോഹാരിത എഴുതികാട്ടി പുരസ്‌കാരം നേടിയ ഏകയാളാണ് ഭട്ടതിരി . സാൻഫ്രാൻസിസ്‌കോയിൽ നടന്ന കാലിഗ്രഫി ഇൻ കോൺവർസേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും ഭട്ടതിരിയാണ്. 2017മുതൽ ടൈപ്പോഡേ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന മലയാളകാലിഗ്രഫറായ ഭട്ടതിരി 2020ൽ ജോർദാനിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മലയാളം കാലിഗ്രഫിയെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നേരെഴുത്ത്, വളച്ചെഴുത്ത്,ഇടതു വലതു ചരിച്ചെഴുത്ത്, ഒഴുക്കനെഴുത്ത് ,പരന്ന എഴുത്ത്, ചതുരനെഴുത്ത് , ചൂലെഴുത്ത് തുടങ്ങി പലരീതിയിൽ അലങ്കരിച്ച നിരവധി ലിപി വൈവിദ്ധ്യങ്ങളാണ് നാരായണ ഭട്ടതിരി സാഹിത്യകൃതികളുടെ തലക്കെട്ടുകളായി എഴുതിവച്ചത്. എം.ടി വാസുദേവൻ നായർ, ഒ .വി.വിജയൻ, മാധവിക്കുട്ടി, വി.കെ.എൻ ,എം.മുകുന്ദൻ, മലയാറ്റൂർ തുടങ്ങി ഒട്ടുമിക്ക സാഹിത്യകാരന്മാരുടെയും പ്രശസ്തകൃതികളുടെ പേരുകൾ ഭട്ടതിരിയാണ് ഡിസൈൻ ചെയ്തത്.
സൂര്യപ്രകാശത്തെ കടത്തിവിടാൻ പാകത്തിൽ വിളക്കിച്ചേർത്ത ചില ലിപിവിന്യാസങ്ങൾ , തലതിരിച്ചു വായിച്ചാലും ഒരുപോലെയുള്ള കായംകുളം വാൾ ശൈലി എന്നിങ്ങനെ ലിപി വൈവിദ്ധ്യത്തിലൂടെ മലയാളഭാഷ സുന്ദരിയാകുകയാണ് ഭട്ടതിരിയുടെ മേക്കപ്പിലൂടെ...
C