chennithala

തിരുവനന്തപുരം: ഡി.ജി.പിയുടെ അഴിമതികൾക്കെല്ലാം കുടപിടിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹമറിയാതെ ക്രമക്കേടുകൾ നടത്താൻ ഡി.ജി.പിക്ക് ധൈര്യം വരില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിലെ അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. പൊലീസ് ഉന്നതർക്കായി വഴുതക്കാട്ട് നിർമ്മിച്ച വിവാദമായ വില്ലകൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

മുഖ്യമന്ത്രിയേയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്ത് തീവെട്ടിക്കൊള്ള നടത്തിയാലും ചോദിക്കാനാരുമില്ലെന്ന ധൈര്യം ഡി.ജി.പി അടക്കമുള്ളവർക്ക് ലഭിച്ചത് മുഖ്യമന്ത്രിയുടെ പിന്തുണ കാരണമാണ്. സി.എ.ജി റിപ്പോർട്ടിനെപ്പറ്റിയുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പുച്ഛിച്ച് തള്ളുന്നു. പിണറായി വിജയൻ ആവശ്യപ്പെട്ടത് പോലെ എഴുതിക്കൊടുത്തതാണിത്. പൊലീസിലെ എല്ലാ പർച്ചേസുകളും നടക്കുന്നത് ആഭ്യന്തരസെക്രട്ടറി അറിഞ്ഞാണ്. സി.എ.ജി കാണാതെ പോയെന്ന് കണ്ടെത്തിയ തോക്കുകൾ എങ്ങും പോയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ കണ്ടെത്തലും സർക്കാരിന്റെ മുഖം രക്ഷിക്കാനാണ്. സി.എ.ജി രേഖ ചോർത്തിയെങ്കിൽ പി.ടി. തോമസിനെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. പാവപ്പെട്ട പൊലീസുകാർ ക്വാർട്ടേഴ്‌സുകളില്ലാതെ ദയനീയാവസ്ഥയിൽ നരകിക്കുമ്പോഴാണ് ആഡംബര വില്ലകൾക്ക് കോടികൾ പൊടിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യവും വാഹനങ്ങളുമില്ലാതിരിക്കുമ്പോൾ ഡി.ജി.പിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ആഡംബരവില്ലകൾ പണിയുന്നത് നികുതിദായകനോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ നിലപാട് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എം.എൽ.എമാരായ പി.ടി. തോമസ്, ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, സി.പി. ജോൺ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജ്യോതികുമാർ ചാമക്കാല എന്നിവരും സംഘത്തിലുണ്ടായിരുന്നു.