നെടുമങ്ങാട്: കല്ലമ്പാറയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖില (37) അവശേഷിപ്പിച്ചു പോയ സ്വപ്നം പൂവണിയാൻ ഇനി അധികം വൈകില്ല. പാതിവഴിയിൽ നിലച്ചു പോയ വീടിന്റെ പൂർത്തീകരണ ദൗത്യം നഗരസഭ കൗൺസിലിന്റെ മേൽനോട്ടത്തിൽ തൊഴിലുറപ്പ് അംഗങ്ങളായ വനിതകൾ ഏറ്റെടുക്കുകയാണ്. ഇന്ന് രാവിലെ 10.30ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വീടു പണി പൂർത്തീകരണോദ്‌ഘാടനം നിർവഹിക്കും. ഭർത്താവിന്റെ വിയോഗ ശേഷം വാടക വീട്ടിൽ മകനോടൊപ്പം കഴിഞ്ഞിരുന്ന അഖിലക്ക് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ അനുവദിച്ച വീടിന്റെ പണികൾ പാതി വഴിയിലായിരുന്നു. കഴിഞ്ഞ 28ന് തിരുവനന്തപുരം -ചെങ്കോട്ട ദേശീയപാതയിൽ നെടുമങ്ങാട് കല്ലമ്പാറയിലുണ്ടായ അപകടത്തിലാണ് അഖില മരിച്ചത്. ഹൃദയ വാൽവുകളും അനുബന്ധ ഭാഗങ്ങളും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ള ഒരു കുരുന്നിന് ദാനം ചെയ്തിരുന്നു. കേരളകൗമുദി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മണക്കോട് കാവ്യോട്ടുമുകൾ മൈലമൂട്ടിലെ പണി നിലച്ച വീടു സന്ദർശിച്ചു. മകന്റെ പഠന ചെലവ് വഹിക്കാനും മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗംങ്ങൾ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ. സുരേഷ് കുമാർ, പി. ഹരികേശൻ നായർ, ആർ. മധു, വാർഡ് കൗൺസിലർ കെ.ജെ. ബിനു, മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.