വെള്ളറട: കിഴക്കൻമലയിൽ എട്ട് ഏക്കറോളം റബർ പുരയിടം കത്തിനശിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. നാട്ടുകാർ ആര്യങ്കോട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല, നെയ്യാർഡാം ഫയർ സ്റ്റേഷനുകളിൽ നിന്നും മൂന്ന് ഫയർയൂണിറ്റുകൾ എത്തിയെങ്കിലും വാഹനം പോകാൻ സൗകര്യമില്ലായിരുന്നു. ഒടുവിൽ പാറശാല ഫയർസ്റ്റേഷൻ ഓഫീസർ വി. വിൻസെന്റിന്റെ നേതൃത്വത്തിലുള്ള സംഘം മരച്ചില്ലകൾ ഒടിച്ചെടുത്ത ശേഷം അതുപയോഗിച്ചാണ് തീ കെടുത്തിയത്. വെള്ളറട സ്വദേശി മധു, സോമൻ, എന്നിവരുടെ റബർ പുരയിടങ്ങളാണ് കത്തിനശിച്ചത്. ആര്യങ്കോട് പൊലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചു.