വിതുര: ടിക്ടോക്കിലൂടെ പ്രണയത്തിലായ ഈരാറ്റുപേട്ട സ്വദേശിക്കൊപ്പം ബംഗാളിലേക്ക് കടന്ന വീട്ടമ്മയെ പൊലീസ് പിന്തുടർന്ന് പിടികൂടി. തൊളിക്കോട് പുളിമൂട് സ്വദേശിയും രണ്ട് കുട്ടികളുടെ മാതാവുമായ 38കാരിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ബംഗാളിലേക്ക് കടന്നത്. മക്കളെയും കൂട്ടിയാണ് ഇവർ നാടുവിട്ടത്. കഴിഞ്ഞ 13ന് ഭർത്താവ് ജോലിക്ക് പോയ തക്കംനോക്കിയാണ് കുട്ടികളുമായി ഇവർ സ്ഥലംവിട്ടത്. വൈകിട്ട് കുട്ടികളെയും ഭാര്യയെയും കാണാത്തതിനെ തുടർന്ന് ഭർത്താവ് വിതുര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വീട്ടമ്മ ഉപയോഗിച്ചിരുന്ന ഫോണും സ്വിച്ച് ഒാഫായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. കുട്ടികളുമായി ഇവർ കാമുകന്റെ നാടായ ഇൗരാറ്റുപേട്ടയിലെത്തി. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കാമുകന്റെ സുഹൃത്തുകളായ ബംഗാളികൾക്കൊപ്പമാണ് ഇവർ ബംഗാളിലേക്ക് പോയത്. അവിടെയെത്തിയ ശേഷം വീട്ടിലെ വിശേഷങ്ങൾ അറിയുന്നതിനായി വീട്ടമ്മ ബംഗാളിയുടെ ഫോൺ വാങ്ങി തൊളിക്കോട്ടുള്ള കൂട്ടുകാരിയെ വിളിച്ചു. കൂട്ടുകാരി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സൈബർസെല്ലിന്റെ സഹായത്തോടെ സ്ഥലം കണ്ടുപിടിക്കുകയായിരുന്നു. വിതുരയിൽ നിന്നും എസ്.ഐ സുധീഷും സംഘവും ബംഗാളിലെ മുർഷിദാബാദ് ഡങ്കൽ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ ഇൻസ്പെക്ടർ ശൈലേന്ദ്രനാഥ് ബിശ്വാസുമായി വിവരങ്ങൾ ധരിപ്പിച്ച ശേഷം വീട്ടമ്മയെയും കാമുകനെയും പിടികൂടുകയുമായിരുന്നു. വീട്ടമ്മയേയും കുട്ടികളെയും വിതുര സ്റ്റേഷനിലെത്തിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് വിതുര സി.ഐ എസ്. ശ്രീജിത് അറിയിച്ചു.