കാട്ടാക്കട: താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പേര് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നാണെങ്കിലും പ്രൈമറി ഹെൽത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യം പോലും ഇവിടെ ഇല്ല. ആശുപത്രി സ്ഥിതിചെയ്യുന്നത് പൂവച്ചൽ പഞ്ചാത്തിലാണെങ്കിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയതോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ നിയന്ത്രണം. ആശുപത്രി കാട്ടാക്കട ടൗണിന് അടുത്താണെങ്കിലും നിയോജക മണ്ഡലം അരുവിക്കരയാണ്.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയ ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് പകരം കുടുംബാരോഗ്യ കേന്ദ്രമാക്കി തരം താഴ്ത്താൻ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉണ്ട്.

ഉച്ചവരെ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ രാവിലെ 9മുതൽ വൈകിട്ട് 5വരെ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് ഗുണകരമായ മാറ്റം ഉണ്ടാക്കും. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കിടത്തി ചികിത്സയുള്ള കാട്ടാക്കട ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയാൽ ദോഷമുണ്ടാകും. കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട്, അമ്പൂരി, ഒറ്റശേഖരമംഗലം, പഞ്ചായത്തുകളിൽ പ്രവത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ പ്രദേശത്തുകാർ രാത്രികാലങ്ങളിൽ പ്രാഥമിക ചികിത്സയ്ക്ക് പോലും ആശ്രയിക്കുന്നത് കാട്ടാക്കട ആശുപത്രിയെയാണ്. അതുപോലെ അപകടത്തിൽപ്പെടുന്നവരേയും ഗുരുതര രോഗം ബാധിച്ചവരേയും മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്യുന്നത് ഈ ആശുപത്രിയെയാണ്.

2009ലെ മന്ത്രിസഭാ തീരുമാന പ്രകാരം കേരളത്തിലെ 31 പ്രൈമറി ഹെൽത്ത് സെന്ററുകൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി. അതിൽ കാട്ടാക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ഉണ്ട്. മറ്റ് ആശുപത്രികൾ നിലവാരത്തിൽ ഉയർന്നപ്പോൾ കാട്ടാക്കട ആശുപത്രിയുടെ വികസനം മാത്രം എങ്ങുമെത്തിയില്ല. ഇവിടെ ഒരു സിവിൽ സർജനും രണ്ട് അസിസ്റ്റന്റ് സർജൻമ്മാർ അടക്കം 7 ഡോക്ടർമ്മാരും അതിനനുസരിച്ചുള്ള മറ്റ് സ്റ്റാഫുകളും വേണം. എന്നാൽ 60 വർഷങ്ങൾക്ക് മുൻപ് ഡിസ്പൻസറിയായി പ്രവർത്തിച്ചപ്പോഴുള്ള ഒരു അസിസ്റ്റന്റ് സർജ്ജൻമാത്രമേ ഇവിടുള്ളൂ. കേരളത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന മറ്റൊരാശുപത്രിയും കാണില്ല.

കാട്ടാക്കടയിൽ മജിസ്ട്രേട്ട് കോടതിയുള്ളതിനാൽ കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽശാല, നെയ്യാർഡാം, മാറനല്ലൂർ, സ്റ്റേഷൻ പരിധിയിലെ റിമാന്റ് പ്രതികളെ മെഡിക്കൽ സർട്ടിഫിക്കറ്റിനായി ആശ്രയിക്കുന്നതും ഇവിടത്തെ ഡോക്ടർമാരെയാണ്. അതുപോലെ വിവിധ പൊലീസ് സ്റ്റേഷനുളിൽ പട്രോളിംഗ് നടത്തി പിടികൂടുന്ന മദ്യപാനികളേയും മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവരുന്നതും കാട്ടാക്കടയിലാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയെ തരംതാഴ്ത്താനുള്ള നടപടികൾ നടക്കുന്നത്.