വിഴിഞ്ഞം : കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് പച്ചക്കറിക്കടയും സമീപത്ത് നിറുത്തിയിട്ടിരുന്ന പിക്കപ്പ് ആട്ടോയും മാരുതി വാനും ഇടിച്ച് തകർത്തു. ബസ് ഡ്രൈവറടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.15 ഓടെ വിഴിഞ്ഞത്ത് നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ അനന്തപുരി സിറ്റി ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പയറ്റുവിള സ്വദേശി വിനോദ് കുമാറിനും കണ്ടക്ടർക്കും സ്ത്രീ അടക്കം മൂന്നുയാത്രക്കാർക്കുമാണ് പരിക്കേറ്റത്.
ചപ്പാത്ത് ജംഗ്ഷന് സമീപത്തുവച്ച് നിയന്ത്രണം വിട്ട ബസ് ചാല സ്വദേശി പെരിയ സ്വാമി എന്നയാളിന്റെ പച്ചക്കറിക്കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയ്ക്ക് മുന്നിൽ നിറുത്തിയിരുന്ന ചപ്പാത്ത് സ്വദേശി വിനോദിന്റെ പിക്കപ്പ് ആട്ടോയും പച്ചക്കറിക്കടയിൽ സാധനം വാങ്ങാനെത്തിയ മരപ്പാലം സ്വദേശി സുനിൽകുമാറിന്റെ മാരുതി ഓംനി വാനുമാണ് ബസ് തകർത്തത്. ചപ്പാത്ത് സ്വദേശി ശിവാനന്ദന്റെ ഭാര്യ ഷൈലജ നടത്തുന്ന മുറുക്കാൻ കടയ്ക്കും നാശനഷ്ടമുണ്ടായി. സംഭവസമയം കടയിൽ തിരക്കില്ലാതിരുന്നതിനാലും ബസ് പാഞ്ഞുവരുന്നതുകണ്ട് മറ്റുള്ളവർ ഓടി മാറിയതിനാലും വൻ അത്യാഹിതം ഒഴിവായി. ബസിലെ സീറ്റിന്റെ കമ്പിയിലും സ്റ്റിയറിംഗിലുമൊക്കെ ഇടിച്ചാണ് ബസിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്. ബസിന്റെ മുൻവശം പൂർണമായും തകർന്നു. റിക്കവറി വാഹനത്തിന്റെ സഹായത്തോടെയാണ് ബസ് മാറ്റിയത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.