തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകൾ കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ട് ശരി വച്ച്, തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നിന്ന് 350 വ്യാജ ഉണ്ടകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
എ.കെ-47 തോക്കിൽ ഉപയോഗിക്കുന്ന 7.62 എം.എം 1578 വെടിയുണ്ടകൾ, സെൽഫ് ലോഡിംഗ് റൈഫിളുകളിൽ ഉപയോഗിക്കുന്ന 7.62 എം.എം 8398 വെടിയുണ്ടകൾ, 259 ഒൻപത് എം.എം ഡ്രിൽ കാട്രിഡ്ജ് എന്നിവയുൾപ്പെടെ 12061 വെടിയുണ്ടകൾ കാണാനില്ലെന്നാണ് സി.എ.ജി കണ്ടെത്തിയത്. പരിശീലനത്തിനുപയോഗിക്കുന്ന 9 എം.എം ഉണ്ടകളിലെ കുറവ് നികത്താൻ 250 കൃത്രിമ വെടിക്കോപ്പുകൾ ബറ്റാലിയനിൽ കൊണ്ടു വച്ചു. ഇതെങ്ങനെ ബറ്റാലിയനിൽ എത്തിച്ചെന്നും എങ്ങനെ സ്റ്റോക്കിലെത്തിയെന്നും രേഖയില്ലെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട്.. നഷ്ടപ്പെട്ട വെടിയുണ്ടകൾക്ക് പകരം വ്യാജ ഉണ്ടകളുണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിയുണ്ടയുടെ കൂടുരുക്കി
സായുധ പൊലീസ് മുദ്ര
വെടിയുണ്ടകളുടെ കാലിയായ കൂടുകൾ ഉരുക്കി പാത്രങ്ങളും സ്പെഷ്യൽ ആംഡ് പൊലീസിന്റെ മുദ്രയും നിർമ്മിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
എസ്.എ.പിയിലെ പോഡിയത്തിൽ പതിച്ചിരുന്ന ലോഹം കൊണ്ടുണ്ടാക്കിയ മുദ്റ ക്രൈംബ്രാഞ്ച്
കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ആംഡ് പൊലീസെന്ന് എഴുതിയതിനു മുകളിൽ ശംഖും അശോക സ്തംഭവും പതിപ്പിച്ച മുദ്റയ്ക്ക് 2.40 കിലോ തൂക്കമുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വെടിയുണ്ടകളുടെ കൂടുകൾ ഉരുക്കിയതാണോയെന്ന് സ്ഥിരീകരിക്കാനാവൂ. കാലി കെയ്‌സുകൾ ഉപയോഗിച്ചെന്ന സംശയത്തിലാണ് മുദ്റ പരിശോധനയ്ക്കായി കൊണ്ടുപോയത്.
വെടിയുണ്ടകൾ കാണാതായത്
ഐ.ജി ശ്രീജിത്ത് അന്വേഷിക്കും
പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിന്റെ അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്.പിയും ഡിവൈ.എസ്.പിമാരും ഉൾപ്പടെ ലോക്കൽ പൊലീസിലെയും ക്രൈം ബ്രാഞ്ചിലെയും . നാൽപതോളം പേർ സംഘത്തിലുണ്ടാകും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
വെടിയുണ്ടകൾ കാണാതായതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. പേരൂർക്കട പൊലീസ് നേരത്തെ 11പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഇവരോട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
1994 മുതൽ 2018 വരെയുള്ള കാലയളവിലാണ് വെടിയുണ്ടകൾ കാണാതായതെന്നാണ് പൊലീസിന്റെ വിശദീകരണം. ചീഫ് സ്റ്റോറിലെയും വിവിധ ബറ്റാലിയനുകളിലെയും രജിസ്റ്ററുകൾ പരിശോധിച്ച് കാണാതായ വെടിയുണ്ടകളുടെ കണക്കും കാണാതായ ദിവസവും കണ്ടെത്തും.. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.