uefa-champions-league
uefa champions league

പി.എസ്.ജിക്ക് പണികൊടുത്ത് ബൊറൂഷ്യ

# ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെ കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ്.

# ഗോൾ മുഖത്തേക്ക് ഒറ്റ ഷോട്ടുപോലും പായിക്കാനാകാതെ നിലവിലെ ചാമ്പ്യന്മാർ.

1-0

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ ആദ്യപാദ പ്രീക്വാർട്ടറിൽ അട്ടിമറിച്ച് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ കഴിഞ്ഞ രാത്രി അത്‌ലറ്റിക്കോയുടെ തട്ടകമായ വാൻഡ മെട്രപോളിറ്റിയാനോയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ മുൻനിരക്കാരായ ലിവർ പൂളിനെ അത്‌ലറ്റിക്കോ അടിച്ചിട്ടത്. മത്സരത്തിന്റെ നാലാം മിനിട്ടിൽ തന്നെ സൗൾ ഹിഗ്വേസ് നേടിയ ഗോളാണ് വിധി കുറിച്ചത്.

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ ഒറ്റ മത്സരത്തിൽ പോലും തോൽവിയറിയാതെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് നിലനിറുത്താമെന്ന മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ തോൽവി. സ്പാനിഷ് ലാലിഗയിൽ സീസണിൽ പതിവ് മികവിലേക്ക് ഉയരാൻ കഴിയാത്ത അത്‌ലറ്റിക്കോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു കോച്ച് ഡീഗോ സിമയോണി.

ഏറ്റവും മികച്ച അക്രമണ നിരയുമായി ഇറങ്ങിയ എതിരാളികളെ കത്രികപ്പൂട്ടിന്റെ പ്രതിരോധ കൊണ്ട് തടുക്കുകയും കിട്ടിയ അവസരത്തിൽ ഗോളടിക്കുകയും ചെയ്യുക എന്ന സിമയോണി തത്രെത്തിന്റെ വിജയം തന്നെയാണ് മാഡ്രിഡിൽ കണ്ടത്. നാലാം മിനിട്ടിൽ തന്നെ ഗോളടിക്കാൻ അവസരം ലഭിച്ചതോടെ പിന്നീട് അത്‌ലറ്റിക്കോ കടുത്ത പ്രതിരോധത്തിലേക്ക് വഴിമാറി. മുഹമ്മദ് സലായും സാഡിയോ മാനേയും റോബർട്ടോ ഫിർമിനോയും ഒക്കെയടങ്ങിയ ലിവർപൂൾ നിരയ്ക്ക് എതിർഗോൾ മുഖം ലക്ഷ്യമാക്കി ഒറ്റ ഷോട്ടുപോലും തൊടുക്കാനായില്ല എന്നതിൽ നിന്നു തന്നെ സിമയോണിയുടെ പ്രതിരോധത്തിന്റെ ശക്തിയളക്കാം.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു കോർണർ കിക്കിൽ നിന്ന് ലിവർപൂളിന്റെ വലയിൽ പന്തുകയറി. കോക്കെ എടുത്ത കിക്ക് ഫബീഞ്ഞോയുടെ കാലുകളിലൂടെയാണ് ക്ളോസ് റേഞ്ചിൽ നിന്ന് സൗളിലേക്ക് എത്തിയത്. ഒരു നിമിഷം പോലും പാഴാക്കാതെ സൗൾ നിറയൊഴിക്കുകയും ചെയ്തു.

25-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടാൻ അത്‌ലറ്റിക്കോയ്ക്ക് അവസരമൊരുങ്ങിയതാണ് വിർജിൻ വാൻഡിക്കിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മൊറാട്ട തൊടുത്ത ഷോട്ട് ലിവർപൂൾ ഗോളി ആലിസൺ സേവു ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയിൽ ലിവർപൂളുകാരെ അനങ്ങാൻ സമ്മതിക്കാതെയായിരുന്നു അത്‌ലറ്റിക്കോ വിജയമുറപ്പിച്ചത്. അടുത്തമാസം 11 ന് നടക്കുന്ന രണ്ടാം പാദത്തിൽ സിമയോണിയുടെ പ്രതിരോധ തന്ത്രങ്ങൾക്ക് മറുപടി നൽകാൻ യൂർഗൻ ക്ളോപ്പിന് ഏറെ പരിശ്രമിക്കേണ്ടിവരും.

''ഇതുകൊണ്ടൊന്നും കളി തീർന്നിട്ടില്ല. അടുത്ത മാസം ആൻഫീൽഡിലേക്ക് വരൂ. ഞങ്ങളുടെ ശക്തി അവിടെ കാണിച്ചുതരാം.

ഫൂർഗൻ ക്ളോപ്പ്

ലിവർപൂൾ കോച്ച്

3

ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ലിവർപൂൾ തോൽവി വഴങ്ങിയിട്ടുള്ളത്.

മാർച്ച് 11

നാണ് ആൻഫീൽഡിൽ ലിവർപൂളും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനൽ മത്സരം.

2

ലിവർപൂൾ ഗോളി ആലിസൺ 2020ൽ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളായിരുന്നു സൗളിന്റേത്.

5

ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ സൗൾ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്.

10

ചാമ്പ്യൻസ് ലീഗിൽ ആകെ മത്സരങ്ങളിൽ നിന്നായി സൗൾ 10 ഗോളുകൾ തികച്ചു.

2-1

പരിക്ക് പൂർണമായി മാറിയിട്ടില്ലെങ്കിലും സൂപ്പർതാരം നെയ്‌മറെയും കൂട്ടിയിറങ്ങിയ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്ക് ആദ്യ പാദ പ്രീക്വാർട്ടറിൽ തോൽവി. ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ട് സ്വന്തം ഗ്രൗണ്ടിൽ 2-1 നാണ് വിജയം നേടിയത്.

നോർവീജിയൻ താരം എർലിംഗ് ഹാലാൻഡിന്റെ ഇരട്ട ഗോളുകളാണ് ബൊറൂഷ്യയ്ക്ക് വിജയം നൽകിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മൂന്ന് മിനിട്ടിന്റെ വ്യത്യാസത്തിൽ ഹാലാൻഡ് രണ്ട് ഗോളുകൾ നേടുകയായിരുന്നു. 69, 71 മിനിട്ടുകളിലായിരുന്നു കൗമാരക്കാരനാൽ ഹാലാൻഡിന്റെ സ്കോറിംഗ്. 75-ാം മിനിട്ടിൽ നെയ്‌മറാണ് പി.എസ്.ജിയുടെ ആശ്വാസ ഗോൾ നേടിയത്.

11

ഈ ജനുവരിയിൽ ബൊറൂഷ്യയിലെത്തിയ ഹാലാൻഡ് ജർമ്മൻ ക്ളബിന് വേണ്ടി ഏഴ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അടിച്ചുകൂട്ടിക്കഴിഞ്ഞു.