തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണം.
ട്രാൻസ്‌ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ അരുത്.
ട്രാൻസ്‌ഫോർമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്.
വൈദ്യുതി പോസ്റ്റിനു ചുവട്ടിലും വൈദ്യുത ലൈനുകൾക്കിടയിലും പൊങ്കാലയിടരുത്.
ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഗുണനിലവാരമുള്ള വൈദ്യുതി വയറുകൾ, സ്വിച്ച് ബോർഡുകൾ ഉപയോഗിക്കുക.
വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം.
വഴിയരികിലെ ട്യൂബ് ലൈറ്റുകൾ/ ദീപാലങ്കാരങ്ങൾ/ വയറുകൾ ഉയരത്തിൽ സ്ഥാപിക്കണം.
ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ ദീപാലങ്കാരങ്ങൾ ചെയ്യരുത്.
വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, കമാനങ്ങൾ പരസ്യബോർഡുകൾ സ്ഥാപിക്കരുത്.
ഇൻസുലേഷൻ നഷ്ടപ്പെട്ടതോ ദ്രവിച്ചതോ പഴകിയതോ കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ ഉപയോഗിക്കരുത്.
താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി (30 മില്ലി ആമ്പിയർ) സ്ഥാപിക്കുക.
മുള തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കൈയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം.
വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്ളോട്ടുകൾ, വൈദ്യുത ലൈനുകൾക്ക് താഴെ വാഹനത്തിൽ കൊണ്ടുപോകരുത്.
വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക
അനധികൃതമായ വയറിംഗ് നടത്താതിരിക്കുക
ഗുണനിലവാരമള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക
വൈദ്യുതലൈൻ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അറിയിക്കണം.