തിരുവനന്തപുരം: ഡൽഹി മാതൃകയിൽ കേരളത്തിലും വിർച്വൽ കോടതി ആരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഏപ്രിൽ ഒന്നിന് ഈ സംവിധാനം നിലവിൽ വരും.
ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാൻ കഴിയുന്ന വിർച്വൽ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. ട്രാഫിക് കുറ്റകൃത്യങ്ങൾ, റെയിൽവേ കോടതിയുമായി ബന്ധപ്പെട്ട കേസുകൾ, തൊഴിൽ സംബന്ധമായ കേസുകൾ, മുനിസിപ്പൽ കേസുകൾ എന്നിവ ഈ സംവിധാനത്തിൽ വരും. ഗതാഗതനിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസിന്റെയോ മോട്ടോർ വാഹനവകുപ്പിന്റെയോ ഇ-ചെല്ലാൻ സംവിധാനം വഴി രേഖപ്പെടുത്തും. നിയമലംഘനം നടത്തിയ ആളെ തിരിച്ചറിഞ്ഞശേഷം കോടതി മറ്റ് നടപടികളിലേക്ക് കടക്കും. പൊലീസ് പിടിച്ചെടുക്കുന്ന രേഖകൾ ശരിയാണോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്. വാഹനത്തിന്റെ ഇനം അനുസരിച്ചും കേസുകൾ തരംതിരിക്കാനാകും. പരിശോധനയ്ക്കിടെ റോഡിൽ വച്ച് ചെല്ലാൻ നൽകുമ്പോൾ ജി.പി.എസ് സഹായത്തോടെ കൃത്യം നടന്ന സ്ഥലം രേഖപ്പെടുത്തും. ജില്ലാ, മേഖലാ അടിസ്ഥാനത്തിൽ കണക്കുകൾ
ക്രോഡീകരിക്കാൻ ഇത് സഹായിക്കും. ഇതുവഴി കുറ്റത്തിന്റെ വകുപ്പും ശിക്ഷാനടപടികളും ഉൾപ്പെടെയുള്ള വിവരങ്ങൾ നിയമലംഘകർക്ക് മനസിലാക്കാനാകും. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ, സാരഥി എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മൊബൈൽ നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ മനസിലാക്കുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സന്ദർഭത്തിൽ ഒ.ടി.പി യുടെ സഹായത്തോടെ പേരും മൊബൈൽ നമ്പരും മാറ്റാൻ സൗകര്യമുണ്ട്.
വിർച്വൽ കോടതി ഗുണങ്ങൾ
ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് പിഴ അടയ്ക്കാൻ നേരിട്ട് കോടതിയിൽ പോകേണ്ടിവരില്ല.
നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സാധിക്കും.
സമൻസും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാകും.