തിരുവനന്തപുരം: സി.ബി.ഐ ഓഫീസർ ചമഞ്ഞ് മോഷണവും തട്ടിപ്പും നടത്തിയയാളെ തിരുവനന്തപുരം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ രഘു (62) ആണ് അറസ്റ്റിലായത്. സി.ബി.ഐ ഓഫീസറാണെന്നും ബാങ്ക് ഓഫീസറാണെന്നും റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥനാണെന്നും പറഞ്ഞ് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി ഒട്ടേറെപ്പേരെ ഇയാൾ കബളിപ്പിച്ചിരുന്നു.
2 മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ വിശ്രമകേന്ദ്രത്തിൽ നിന്നും ഫോറസ്റ്റ് റേഞ്ചറുടെ മൊബൈൽ മോഷ്ടിച്ച ഇയാളെ കാസർകോട്ടു നിന്നാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ ഓഫീസറാണെന്ന് പറഞ്ഞ് അടുത്തിടെ ഇയാൾ കാസർകോട്ടു നിന്നും വിവാഹവും കഴിച്ചിരുന്നു. മംഗലാപുരം റെയിൽവെ സ്റ്റേഷനിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും മറ്റും ഒട്ടേറെ തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. വിവിധ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനും രഘുവിനാകും. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ആസാദ് അബ്ദുൾ കലാമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രഘു പിടിയിലായത്.