തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനത്തെ ത്വരിതപ്പെടുത്തിയവരാണ് മിഷണറിമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷണറിമാർ നൽകിയ സംഭാവനകൾ നാടിന്റെ ചരിത്രത്തോട് ചേർത്ത് വായിക്കേണ്ടതാണ്. ജാതിവിവേചനവും അടിമത്തവും അയിത്തവും അവസാനിപ്പിക്കാനും വനിതാ വിമോചനം സാദ്ധ്യമാക്കാനും മിഷണറിമാർ നടത്തിയ ശ്രമങ്ങളെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി കാണണം. നവോത്ഥാന മൂല്യങ്ങളിൽ പുതിയ കാലത്ത് ചോർച്ച വരാതിരിക്കുന്നു എന്ന് ഉറപ്പുവരുത്താനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എസ്.ഐ മോഡറേറ്ററായി നിയമിതനായ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തങ്ങളുടെ മതം മാത്രം ശരിയെന്നും മറ്റുള്ളവയെല്ലാം തെറ്റെന്നും അവരെ രാജ്യത്തിന്റെ ഭാഗമായി ഉൾക്കൊള്ളേണ്ടതില്ലെന്നുമുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തണം. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ സഹായിക്കുന്ന പ്രവണതകൾക്കെതിരെ സി.എസ്.ഐ സഭയെ നിലനിറുത്താൻ സ്ഥാനലബ്‌ധിയിലൂടെ ധർമരാജ് റസാലത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.
വൈവിദ്ധ്യങ്ങൾ നിലനിറുത്തി ഒരുമയോടെ കഴിയാം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച സഭയാണ് സി.എസ്.ഐ. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് പഠിക്കാൻ അവസരം ലഭിച്ചത് മിഷണറിമാർ ആരംഭിച്ച, സി.എസ്.ഐ സഭയുടെ ഭാഗമായ സ്ഥാപനത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. ലത്തീൻ അതിരൂപതാ മേജർ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം മുഖ്യപ്രഭാഷണം നടത്തി. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ കെ. ആൻസലൻ, ഒ. രാജഗോപാൽ, മുൻ സ്‌പീക്കർ എൻ. ശക്തൻ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ശാന്തിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ബിഷപ്പ് കുര്യാക്കോസ് മാർ സെവേറിയോസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ഡോ. ബെന്നറ്റ് എബ്രഹാം, പി.ജി. ജോസ് തുടങ്ങിയവർ സംസാരിച്ചു.