തിരുവനന്തപുരം: നെഞ്ചിലെ മഹാധമനിയിലുണ്ടാവുന്ന വീക്കം ചികിത്സിക്കാനുള്ള സ്‌റ്റെന്റ് ഗ്രാഫ്റ്റും അനുബന്ധ സംവിധാനവും വികസിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകർ. നിലവിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സ്‌റ്റെന്റ് ഗ്രാഫ്റ്റുകൾക്ക് പകരമായി ഇവ ഉപയോഗിക്കാനാകും.
ഇറക്കുമതി ചെയ്യുന്നവയുടെ കുറഞ്ഞവില മൂന്നരലക്ഷം രൂപയാണ്. ശ്രീചിത്രയിൽ വികസിപ്പിച്ച സ്‌റ്റെന്റ് ഗ്രാഫ്റ്റും സംവിധാനവും വിപണിയിലെത്തിയാൽ ചികിത്സാ ചെലവ് വൻതോതിൽ കുറയും.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസാണ് സ്‌റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചത്. പോളിസ്റ്റർ തുണി, നിക്കൽടൈറ്റാനിയം ലോഹസങ്കരം എന്നിവയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ബെംഗളൂരുവിലെ നാഷണൽ എയ്‌റോസ്‌പെയ്സ് ലബോറട്ടറീസിലെ നിക്കൽ ടൈറ്റാനിയം ലോഹസങ്കരമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ഇതിന്റെ സാങ്കേതികവിദ്യ വൈദ്യശാസ്ത്ര ഉപകരണ കമ്പനിക്ക് ഉടൻ കൈമാറും. ഇതുമായി ബന്ധപ്പെട്ട് ആറു പേറ്റന്റ് അപേക്ഷകളും അഞ്ച് ഡിസൈൻ രജിസ്‌ട്രേഷനുകളും അധികൃതർക്കു സമർപ്പിച്ചു കഴിഞ്ഞു. ഡോ.സുജേഷ് ശ്രീധരൻ, ഡോ. ഇ.ആർ.ജയദേവൻ, കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി വിഭാഗത്തിൽനിന്നു വിരമിച്ച സീനിയർ പ്രൊഫസർ ഡോ. എം.ഉണ്ണികൃഷ്ണൻ, സി.വി. മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
ജീവൻ രക്ഷകൻ
മഹാധമനിയിലെ വീക്കം പ്രധാനവില്ലനാണ്. മരണം വരെ സംഭവിക്കാം. പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ലെന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ധമനിയിൽ വീക്കമുള്ള ഭാഗത്ത് സ്‌റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിച്ചു നടത്തുന്ന എൻഡോവാസ്‌കുലാർ അയോട്ടിക് റിപ്പയറൊയാണ് ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗം.