വനിത ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം നാളെ ആസ്ട്രേലിയയെ നേരിടുന്നു
സിഡ്നി : ട്വന്റി - 20 വനിത ലോകകപ്പ് ക്രിക്കറ്റിന് നാളെ ആസട്രേലിയയിൽ തുടക്കമാകുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയയും ഇന്ത്യയുമാണ് സിഡ്നിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
നാലുതവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ആസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ വച്ച് ആദ്യ മത്സരത്തിൽ തന്നെ നേരിടേണ്ടിവരുന്നു എന്നതാണ് ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ വലിയ വെല്ലുവിളി.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം തുടങ്ങുന്നത്.
''ആദ്യ മത്സരത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. ഏത് വലിയ ടീമിനെയും സമ്മർദ്ദത്തിലാക്കാൻ ശേഷിയുള്ളവരാണ് ഞങ്ങൾ.
ഹർമൻ പ്രീത് കൗർ,
ഇന്ത്യൻ ക്യാപ്ടൻ
ടെസ്റ്റിംഗിന് വീരന്മാർ
ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് നാളെ വെല്ലിംഗ്ടണിൽ തുടങ്ങുന്നു.
വെല്ലിംഗ്ടൺ : അങ്ങോട്ടുമിങ്ങോട്ടും ഓരോ തൂത്തുവാരൽ നടന്ന ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പോരാട്ടം നാളെ മുതൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇരു ടീമുകളും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വെല്ലിംഗ്ടണിലെ ബാസിൽ റിസർവിലാണ് തുടക്കമാകുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽ മികച്ച വിജയം നേടി ഒന്നാം സ്ഥാനത്ത് തുടരാനാണ് വിരാടും കൂട്ടരും ലക്ഷ്യമിടുന്നത്.
കിവീസിൽ എത്തിയ ഉടൻ അഞ്ച് ട്വന്റി - 20കളുടെ പരമ്പരയിൽ ഒന്നുപോലും വിട്ടുകൊടുക്കാതെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ ആ താളം തുടർന്ന് നടന്ന മൂന്ന് ഏക ദിനങ്ങളുടെ പരമ്പരയിൽ നിലനിറുത്താൻ വിരാടിനും കൂട്ടർക്കും കഴിഞ്ഞില്ല. ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിലൂടെ നഷ്ടമായ ആത്മവിശ്വാസം തിരിച്ചു പിടിക്കുകയാണ് കിവീസ് ചെയ്തത്.
മത്സരത്തിന്റെ അവസാന ഇലവനെക്കുറിച്ച് ഇന്ത്യൻ ടീം ഇനിയും വ്യക്തമായ സൂചനകൾ നൽകിയിട്ടില്ല. രോഹിത് ശർമ്മ പരിക്കുമൂലം പുറത്തായതിനാൽ മുയാങ്ക് അഗർവാളിനൊപ്പം യുവതാരങ്ങളായ ശുഭ്‌മാൻ ഗില്ലോ പൃഥ്വി ഷായോ ഓപ്പൺ ചെയ്യേണ്ടിവരും. ഷായ്ക്കാണ് സാദ്ധ്യത കൂടുതലെന്ന് കരുതുന്നു.
സന്നാഹ മത്സരത്തിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഋഷഭ് പന്തിനെ കളിപ്പിക്കുമോ എന്നും അറിയേണ്ടതുണ്ട്. കീപ്പറായി വൃദ്ധിമാൻ സാഹ തന്നെ ഇറങ്ങുകയാണെങ്കിൽ ഋഷഭിനെ സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാനായി കളിപ്പിക്കേണ്ടിവരും. പരിക്ക് മാറിയെത്തുന്ന ഇശാന്ത് ശർമ്മയും പ്ളേയിംഗ് ഇലവനിലെത്തിയേക്കും.
1
ഐ.സി.സി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കിവീസ് നാലാം റാങ്കിലും.
360
ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴ് മത്സരത്തിൽ നിന്നും 360 പോയിന്റുമായി ഇന്ത്യ ഒന്നാമത്.
60
പോയിന്റുകൾ മാത്രമാണ് ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് കിവീസിന് നേടാനായത്.
100
കിവീസ് വെറ്ററൻ ബാറ്റ്സ്‌മാൻ റോസ് ടെയ്‌ലറുടെ നൂറാം ടെസ്റ്റാണിത്.
പരിക്ക് മാറിയെത്തിയ നായകൻ കേൻ വില്യംസണും പേസർ ട്രെന്റ് ബൗൾട്ടും ന്യൂസിലൻഡ് ടീമിലുണ്ടാകും.
ഇന്ത്യൻ സമയം വെളുപ്പിന് 3.30 മുതലാണ് ടെസ്റ്റ് മത്സരങ്ങൾ തുടങ്ങുന്നത്.
വെല്ലിംഗ്ടണിലെ കാറ്റ്
മത്സരം നടക്കുന്ന ബാഡിൽ റിസർവ് ഗ്രൗണ്ടിലെ ശക്തമായ കാറ്റ് ഇന്ത്യൻ ടീമിന് വെല്ലുവിളിയാകും.