തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾ ഭിന്നിപ്പിക്കുന്നവർക്കൊപ്പമല്ല, ഒരുമിപ്പിക്കുന്നവർക്കൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ചു നിന്ന് എതിർക്കേണ്ട സമയത്ത് ഭിന്നിച്ച് നിൽക്കൽ മേന്മയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാവിലെ പൗരത്വഭേദഗതിയ്ക്കെതിരെ പറയുകയും വെെകിട്ട് അത് നടപ്പാക്കണമെന്ന് പറയുന്നവരുടെ ഇരട്ടത്താപ്പും നാം തിരിച്ചറിയണം. ഭരണഘടനാ വിരുദ്ധമായി ഭൂരിപക്ഷ ശക്തിയിൽ പാസാക്കിയെടുക്കുന്നവ രാജ്യത്തിന്റെ നിയമമല്ലെന്നും, അത് ആർ.എസ്.എസിന്റെ നിയമം മാത്രമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ശക്തികൾ കേന്ദ്രസർക്കാരിനെതിരെ ശക്തമായി രംഗത്തുവരുന്ന കാലഘട്ടമാണിതെന്ന് മുഖ്യപ്രഭാഷണത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിള, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ. യൂനുസു കുഞ്ഞ്, ഷാഹിദാ കമാൽ, അർഷാദ് താനൂർ അൽഹിക്കമി, എസ്. പ്രഹ്ലാദൻ, പി.കെ. സജീവ്, ഐസക് വർഗീസ്, യു. ഫസലുർ റഹ്മാൻ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.