മുംബയ് : ഇന്ത്യൻ വനിതാ താരം സാനിയ മിർസയും പുതിയ കൂട്ടുകാരി കരോളിൻ ഗാർസ്യയും ദുബായ് ഓപ്പൺ ടെന്നിസിന്റകെ വനിതാ ഡബിൾസ് ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ സാനിയ സഖ്യം 6-4, 4-6, 10-8 ന് റഷ്യയുടെ അല്ല കുദ്രാറ്റ് സേവ - കാതറിന സ്രെബോട്ട് നിക്ക് സഖ്യത്തെ തോൽപ്പിക്കുകയായിരുന്നു. പ്രീ ക്വാർട്ടറി ൽ സയ്സായ് സെംഗ് - ബാർബറ ക്രായി സെക്കോവ സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളികൾ.
പ്രസവത്തിന് ശേഷം കഴിഞ്ഞ മാസം ഹൊബാർട്ട് ഓപ്പണിൽ കിരീടം നേടി കളിക്കളത്തിൽ തിരിച്ചെത്തിയ സാനിയ മിർസ ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് കാൽക്കുഴയിലെ പരിക്കിന്റെ പേരിൽ പിൻമാറിയിരുന്നു.
സൈന രണ്ടാം റൗണ്ടിൽ,
പ്രണോയ് പുറത്ത്
ബാഴ്സലോണ : ഇന്ത്യൻ വനിതാ താരം സൈന നെഹ്വാളിന് ബാഴ്സലോണ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ വിജയം. ജർമ്മനിയുടെ യോവന്നെ ലീയെ 21-16, 21-14 ന് കീഴടക്കിയാണ് സൈന രണ്ടാം റൗണ്ടിലെത്തിയത്. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയ് ആദ്യ റൗണ്ടിൽ മലേഷ്യയുടെ ഡാരൻ ലിയുവിനോട് 18-21, 15-21 ന് തോറ്റപ്പോൾ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര - സിക്കി റെഡ്ഢി സഖ്യം രണ്ടാം റൗണ്ടിലെത്തി. പുരുഷ സിംഗിൾസിൽ പി. കാശ്യപ് ബ്രസീലിന്റെ യിഗോർ കൊയ്ലോയ്ക്ക് എതിരായ ആദ്യ റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി.
അഷ്ടവിനും ആദിത്യയ്ക്കും
വെങ്കല മെഡൽ
ന്യൂഡൽഹി : ഏഷ്യൻ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യയ്ക്ക് ഗ്രെക്കോ റോമൻ വിഭാഗത്തിൽ രണ്ട് വെങ്കല മെഡലുകൾ. 67 കി.ഗ്രാം വിഭാഗത്തിൽ അഷ്ടുവും 72 കി.ഗ്രാം വിഭാഗത്തിൽ ആദിത്യ കുണ്ടുവുമാണ് മെഡലുകൾ നേടിയത്. സിറിയയുടെ അബ്ദുൽ കരിം മൊഹമ്മദ് അൽഹസനെ 8-1 ന് മലർത്തിയടിച്ചാണ് അഷ്ട വെങ്കലം നേടിയത്. ആദിത്യ 8-0 ത്തിന് ജാപ്പനീസ് താരം നാവോ കുസാക്കയെ തോൽപ്പിച്ചു.
പുജാര ഗ്ളൗസസ്റ്ററിൽ
ലണ്ടൻ : ഇന്ത്യൻ ക്രിക്കറ്റർ ചേതേശ്വർ പുജാര ഇംഗ്ളീഷ് കൗണ്ടി ചാമ്പ്യൻഷിൽ ഗ്ളൗസസ്റ്റർ ഷെയർ ക്ളബിനു വേണ്ടി കളിക്കും. ഏപ്രിൽ 12 മുതൽ മേയ് 22 വരെയുള്ള കാലയളവിൽ ആറ് മത്സരങ്ങൾ കളിക്കാൻ പുജാര ക്ളബുമായി കരാർ ഒപ്പിട്ടു. നേരത്തേ കൗണ്ടിയിൽ ഡെർബി ഷെയർ, യോക് ഷെയർ, നോട്ടിംഗാം ഷെയർ ക്ളബുകൾക്കു വേണ്ടി പുജാര കളിച്ചിട്ടുണ്ട്.
യുവി അഭിനയിക്കാനില്ല
ന്യൂഡൽഹി : താൻ അഭിനയരംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവ്രാജ് സിംഗ്. ഭാര്യയും നടിയുമായ ഹേയ്സൽ കീച്ചിനും സഹോദരൻ സൊറാവർ സിംഗിനുമൊപ്പം യുവ്രാജ് വെബ് സിരീസിൽ അഭിനയിക്കുന്നു എന്നായിരുന്നു വാർത്തകൾ. അതേസമയം ഹർഭജൻ സിംഗും ഇർഫാൻ പഠാനും അഭിനയത്തിരക്കിലാണ്.