തിരുവനന്തപുരം : സ്പോർട്സ് ക്വാട്ടയിൽ 195 കായിക താരങ്ങൾക്ക് നിയമനം നൽകി സംസ്ഥാന സർക്കാർ 195 തസ്തികകൾ സൃഷ്ടിച്ചാണ് ഇത്രയും പേർക്ക് നിയമനം നൽകുന്നതെന്ന് കായിക മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കായിക താരങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറും.
കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിൽ ഏറെ മുന്നോട്ടു പോയ സർക്കാരാണ് തങ്ങളുടേതെന്ന് മന്ത്രി അവകാശപ്പെട്ടു. മൂന്നര വർഷത്തിനിടെ
446 പേർക്കാണ്
നിയമനം നൽകിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്പോർട്സ് ക്വാട്ടയിൽ 110 പേർക്ക് മാത്രമാണ് നിയമനം നൽകിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകൾക്ക് കഴിഞ്ഞ ആറുമാസത്തോളമായി ഫണ്ട് നൽകുന്നില്ലെന്ന് ആരോപണമുണ്ട്. കൗൺസിൽ നേരിട്ട് നടത്തുന്ന സെൻട്രലൈസ്ഡ് ഹോസ്റ്റലുകളിലും വിവിധ മാനേജ്മെന്റുകൾക്ക് കീഴിലുള്ള ഹോസ്റ്റലുകളിലുമാണ് ഈ ദുരവസ്ഥ. ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന കായിക താരങ്ങളുടെ ഭക്ഷണത്തിനായാണ് തുക നൽകുന്നത്.
സംസ്ഥാന സ്പോർട്സ് കൗൺസിലിലെ താത്കാലിക ജീവനക്കാർക്ക് ഇതുവരെ ഈ മാസത്തെ ശമ്പളം നൽകാത്തതും പരിഭവത്തിന് ഇടയാക്കിയിട്ടുണ്ട്.