തിരുവനന്തപുരം: ലോകമാതൃഭാഷാദിനമായ ഇന്ന്​ മലയാളം പള്ളിക്കൂടം കുട്ടികൾ ബസുകളുടെ ബോർഡു വായിക്കാൻ അടൂരിനൊപ്പം തമ്പാനൂർ ബസ് സ്റ്റാൻഡ് സന്ദർശിക്കും. മാതൃഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 10.30ന് മലയാളം പള്ളിക്കൂടത്തിൽ (തൈക്കാട് ഗവ.മോഡൽ എൽ.പി.സ്‌കൂൾ) നിന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തിൽ അക്ഷര ദീപശിഖാ പ്രയാണവുമായാണ് കുട്ടികൾ ബസ് സ്റ്റാൻഡിലെത്തുക. തുടർന്ന് എം.ടി.വാസുദേവൻ നായർ രചിച്ച കേരളത്തിന്റെ ഔദ്യോഗിക ഭാഷാപ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലും. ആർട്ടിസ്റ്റ് ഭട്ടതിരിയുടെ തത്സമയ അക്ഷര കലാരചനയും പ്രമുഖ കവികളുടെ കവിതകൾ കോർത്തിണക്കിയ കാവ്യമാലികയും ഉണ്ടാകും. കുട്ടികൾ ബസുകളുടെ ബോർഡു വായിച്ച് ഭാഷാവനന്ദനം നടത്തും. ഡോ.അച്യുത് ശങ്കർ,വട്ടപ്പറമ്പിൽ പീതാംബരൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.