കിളിമാനൂർ: ശ്രീക്കുട്ടിക്ക് ഇനി അക്ഷരങ്ങൾ നനയാത്ത വീട്ടിൽ സുഖമായി പഠിക്കാം. പുളിമാത്ത് പഞ്ചായത്തിലെ അരിനല്ലൂർ വാർഡിലെ കണ്ണമത്ത് ലക്ഷം വീട് കോളനിയിലെ ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങളുടെ നടുവിൽ തികച്ചും അരക്ഷിതാവസ്ഥയിൽ അന്തിയുറങ്ങിയിരുന്ന സരസ്വതിക്കും മകൾ ശ്രീക്കുട്ടിക്കുമാണ് പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ കൂട്ടായ്മയിൽ സി.ഡി.എസ് സ്നേഹവീട് ഒരുക്കി നൽകിയത്. വിദ്യാഭ്യാസത്തിനുള്ള സഹായവും സി.ഡി.എസ് നൽകി.
ആറ്റിങ്ങൽ കോളേജിൽ എം.എസ്.സി പോളിമർ കെമസ്ട്രി വിദ്യാർത്ഥിയാണ് ശ്രീക്കുട്ടി. കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന് ഏക ആശ്രയം. കുടുംബത്തിന് സി.ഡി.എസ് നിർമ്മിച്ച് നൽകിയ സ്നേഹവീട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കൈമാറി. ചടങ്ങിൽ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി. ബിനു, ബി.എൻ. ജയകുമാർ, ലേഖ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി ആർ.കുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ. കെ. വിജയൻ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുനിത നന്ദിയും പറഞ്ഞു.