കല്ലമ്പലം: പള്ളിക്കൽ ജംഗ്ഷനിൽ വാഹന യാത്രക്കാർ കാലനെയും ചിത്രഗുപ്തനെയുംകണ്ട് ഒരുനിമിഷം പകച്ചു. പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്. പി. സി കെഡറ്റുകളുടേയും പള്ളിക്കൽ പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയാണ് വ്യത്യസ്തതയുടെ മേമ്പൊടിയായത് . റോഡരികിൽ നിലയുറപ്പിച്ച യമധർമ്മനും ചിത്രഗുപ്തനും ഹെൽമെറ്റ് ഇല്ലാതെ വന്ന ഇരുചക്രവാഹന യാത്രികരെയും, ട്രാഫിക് ലംഘകരെയും തടഞ്ഞു. ഹെൽമെറ്റ് ഇല്ലാത്തവരുടെ കഴുത്തിൽ യമധർമ്മൻ കയറണിയിപ്പിച്ച് ട്രാഫിക് ബോധവത്കരണം നടത്തി. ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ സംഭവിക്കുന്ന അപകടങ്ങളെകുറിച്ച് ചിത്രഗുപ്തൻ ബോധവത്കരിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് യമധർമൻ താൽകാലികമായി കയർ കഴുത്തിൽ നിന്ന് മാറ്റി ജീവിതം നീട്ടിക്കൊടുത്തു. ഏതാനും ചിലർക്ക് പുത്തൻ ഹെൽമെറ്റുകളും വിതരണം ചെയ്തു. ഹെൽമെറ്റും സീറ്റുബെൽറ്റും ധരിച്ച് വന്നവർക്കാകട്ടെ കാലനും പാർട്ടിയും മധുരപലഹാരങ്ങളും നൽകി ദീർഘായുസ് നേർന്നു. സ്കൂളിലെ എസ്. പി. സി കെഡറ്റ് ബാസിം കാലനായും, ദേവദത്ത് ചിത്രഗുപ്തനായും വേഷമിട്ടു. പള്ളിക്കൽ എസ്. എച്ച്. ഒ അജി നാഥ്, സബ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്. പി. സി. ഡി. ഐ അനിൽകുമാർ, രാധാമണി , മറ്റ് കെഡറ്റുകൾ എന്നിവർ നേതൃത്വം നൽകി.