kauthukam

വർഷം 2006 ജനുവരി 25... ലണ്ടനിൽ ഒരു ഒറ്റമുറി ഫ്ലാറ്റിന്റെ വാടക ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയതാണ് മെട്രോപൊളിറ്റൻ ഹൗസിംഗ് അസോസിയേഷന്റെ പ്രതിനിധികൾ. വാടക മുടങ്ങിയതിന് പല പ്രാവശ്യം കത്തയച്ചിട്ടും പ്രയോജനമില്ലാതായതോടെയാണ് നേരിൽ എത്തി ഫ്ലാറ്റ് ഒഴിപ്പിക്കാൻ അവർ തീരുമാനിച്ചത്. ഫ്ലാറ്റിൽ ആൾ താമസമില്ലെന്ന് കരുതിയ അവർ വാതിൽ തകർത്ത് അകത്തുകയറി. അയച്ച കത്തുകളെല്ലാം വാതിലിനടുത്ത് തന്നെ കിടന്നിരുന്നു. മുറിയിലെ ഹീറ്ററും പ്രവർത്തിക്കുന്നുണ്ടായിരുന്നു. പിന്നീട് കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീയുടെ അസ്ഥികൂടം സോഫയിലിരിക്കുന്നു. ചുറ്റും കുറേ ക്രിസ്‌മസ് ഗിഫ്‌റ്റുകളും. മറ്റൊരു കാര്യം മുറിയിലെ ടി.വി അപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ടി.വിയിൽ നിന്നുള്ള പ്രകാശം അസ്ഥികൂടത്തിന്റെ മുഖത്തിൽ പതിക്കുന്നുണ്ടായിരുന്നു. കാഴ്‌ചകണ്ടവർ പേടിച്ചു വിറച്ചു. വാർത്ത കാട്ടിതീ പോലെ പടർന്നു. ആരുടെ അസ്ഥികൂടമായിരുന്നു അത്.?

joy

കരീബിയൻ വംശജയായ ജോയ്സ് കാരോൾ വിൻസെന്റ് എന്ന ബ്രിട്ടീഷ് പൗരയുടേതായിരുന്നു ആ അസ്ഥികൂടം. മൂന്ന് വർഷം മുമ്പ് 2003ലാണ് ജോയ്സ് മരിച്ചതെന്ന് പരിശോധനയിലൂടെ കണ്ടെത്തി. മരിക്കുമ്പോൾ ജോയ്സിന് 38 വയസായിരുന്നു. 1985ൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലിയും ലഭിച്ചിരുന്നു. ഉപദ്രവകാരിയായ കാമുകനിൽ നിന്നും വേർപ്പെട്ട ജോയ്സ് ഈ ഫ്ളാറ്റിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി ആർക്കും അറിയില്ല. ജോയ്സിന്റെ അസ്ഥികൂടത്തിന് ചുറ്റുമുണ്ടായിരുന്ന ക്രിസ്മസ് സമ്മാനങ്ങൾ മനോഹമായ പേപ്പറുകളിൽ പൊതിഞ്ഞവയായിരുന്നു. പെപ്‌റ്റിക് അൾസറോ ആസ്‌ത്മയോ ആകാം ജോയ്സിന്റെ മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഏറെ നാളായി പെപ്‌റ്റിക് അൾസറിന്റെ ചികിത്സയിലായിരുന്നു ജോയ്സ്. ജോയ്സ് താമസിച്ചിരുന്ന ഫ്ളാറ്റിന് സമീപം താമസിച്ചിരുന്നത് മയക്കുമരുന്നിന് അടിമപ്പെട്ടവരും മറ്റുമായിരുന്നു. അവാരാരും അത്രയും നാൾ ജോയ്സിന്റെ വീട്ടിൽ നിന്നും കേൾക്കുന്ന ടി.വിയുടെ ശബ്‌ദം ശ്രദ്ധിച്ചതേയില്ല. ജോയ്സിന്റെ മൃതദേഹത്തിൽ നിന്നും വമിച്ച ദുൾഗന്ധം അടുത്തുള്ള മാലിന്യ കൂമ്പാരത്തിൽ നിന്നും വരുന്നതാകാമെന്നും കരുതി. എങ്കിലും മറ്റൊരു ചോദ്യമുയർന്നു. ആരോടും ബന്ധമില്ലാതെ ഏകാന്ത ജീവിതം നയിച്ച ജോയ്സിന്റെ മൃതദേഹത്തോടൊപ്പം കണ്ട സമ്മാനപ്പൊതികൾ എവിടെ നിന്നാണ് ലഭിച്ചത്.. ? അതോ ഇനി ആർക്കെങ്കിലും നൽകാൻ ജോയ്സ് കരുതി വച്ചതോ? ഒരു പക്ഷേ, വാടകയ്‌ക്കായി ആളെത്തിയിരുന്നില്ലെങ്കിൽ ജോയ്സിന്റെ മൃതദേഹം അതേപടി ടിവിയുടെ മുന്നിൽ തന്നെ തുടരുമായിരുന്നു.

joy