trans-movie

ട്രാൻസ് -പേരിൽ തന്നെ വ്യത്യസ്തതയുള്ള ചിത്രം. മലയാളത്തിലെ പ്രോമിംസിംഗ് ആയ സംവിധായകരിലൊരാളായ അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയഈ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. സാമൂഹ്യപ്രതിപത്തി ഉയത്തിപ്പിടിക്കുന്ന കഥയും അതിന്റെ ഏറ്റവും മികച്ച അവതരണരീതിയും വിസ്‌മയിപ്പിക്കുന്ന മേക്കിംഗും ചേരുമ്പോൾ ​ട്രാൻസ് തീർത്തും ദൃശ്യവിരുന്നായി മാറുകയാണ്.

വിജു പ്രസാദും പാസ്‌റ്റർ ജോഷ്വ കാൾട്ടനും
കന്യാകുമാരിയിൽ ജോലി ചെയ്യുന്ന മോട്ടിവേഷണൽ ട്രെയിനറാണ് വിജു പ്രസാദ്. തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ താൻ മോട്ടിവേഷണൽ സ്‌പീച്ചുകൾ നടത്തുന്നത് സ്വപ്നം കണ്ടു നടക്കുന്ന പാതി സൈക്കോയായ വിജുവിന്റെ ജീവിതത്തിൽ ആത്മീയതയും അന്ധവിശ്വാസങ്ങളും കൂടിക്കലരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രാൻസ് സിനിമയുടെ പ്രമേയം. കുഞ്ഞുനാളിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ ഭ്രാന്തുള്ള അനുജനൊപ്പം കഷ്ടപ്പെടേണ്ടി വരുന്ന വിജുവിന്റെ ജീവിതമാണ് സിനിമയുടെ ആദ്യപകുതി. രണ്ടാംപകുതിയിൽ വിജുവിൽ നിന്ന് പാസ്‌റ്റർ ജോഷ്വ കാൾട്ടനിലേക്കുള്ള രൂപാന്തരമാണ് സിനിമ പറയുന്നത്.

trans-movie

മറ്റേത് സ്ഥലത്തെക്കാളും ആത്മീയതയുടെ ഏറ്റവും വലിയ വിപണന കേന്ദ്രം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നത് പരസ്യമായിട്ടല്ലെങ്കിലും അംഗീകരിക്കപ്പെട്ടതാണ്. അദ്ഭുത രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന ആത്മീയ പരിപാടികൾക്ക് പിന്നിലെ കോർപ്പറേറ്റ് കമ്പനികളുടെ ഉള്ളുകള്ളികളെ തുറന്നുകാട്ടാനുള്ള ധീരമായ ശ്രമമാണ് ഈ സിനിമയിലൂടെ സംവിധായകൻ നടത്തിയിരിക്കുന്നത്. ശരിയായ വിശ്വാസം ഒരുവശത്ത് അചഞ്ചലമായി നിലനിൽക്കുമ്പോൾ തന്നെ ആത്മീയതയുടെ ലോകത്ത് വ്യാപരിക്കുന്ന ഒരു ജനസമൂഹം കൂടിയുണ്ടെന്ന യാഥാർത്ഥ്യത്തെ ഏതാണ്ട് മൂന്ന് മണിക്കൂറിലുള്ള സിനിമാ ഫ്രെയിമിലേക്ക് മികച്ച രീതിയിൽ തന്നെ ഒതുക്കിയിട്ടുണ്ട് സംവിധായകൻ. വിശ്വാസത്തെ അന്ധവിശ്വാസമാക്കുകയും പിന്നീട് അത് ചൂഷണം ചെയ്യപ്പെടുന്നതുമാണ് വിൻസെന്റ് വടക്കൻ രചിച്ച തിരക്കഥയുടെ കേന്ദ്രബിന്ദു. ആദ്യ പകുതി മികച്ച കാഴ്ചാനുഭവം നൽകുമ്പോൾ രണ്ടാം പകുതി പക്ഷേ,​ പ്രതീക്ഷിച്ച മികവിലേക്ക് ഉയർന്നില്ലെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കഥയുടെ പൂർണതയ്ക്ക് പകരം സ്റ്രൈലിന് പ്രാധാന്യം നൽകിയതാണ് രണ്ടാംപകുതിയിൽ സിനിമയുടെ മേന്മക്കുറവിന് കാരണമായത്.

trans-movie

റോക്കിംഗ് ഫഹദ് ഫാസിൽ
മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ ഫഹദ് ഫാസിലിന്റെ നടനവൈഭവമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പാസ്റ്റർ ജോഷ്വ കാൾട്ടനായുള്ള ഫഹദിന്റെ പകർന്നാട്ടം ആരെയും അത്ഭുതപ്പെടുത്തും. മാനസികാസ്വാസ്ഥ്യമുള്ള പാസ്റ്ററുടെ വേഷത്തിൽ ഫഹദ് അരങ്ങ് തകർക്കുമ്പോൾ മൈതാനങ്ങളിലും മറ്റും നമ്മൾ കണ്ടുപരിചയിച്ച സുവിശേഷ പ്രാസംഗികർ ഒന്നുമല്ലെന്ന് തോന്നിപ്പോകും. അഭിനയമാണെങ്കിൽ അവാർഡ് കൊടുക്കേണ്ടി വരുമെന്ന് സിനിമയിൽ ഡോക്ടറുടെ വേഷത്തിലെത്തുന്ന കഥാപാത്രം പറയുന്നത് പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിക്കുന്നത്.

എടുത്തു പറയത്തക്ക അഭിനയം കാഴ്ചവയ്ക്കുന്ന മറ്റുള്ള താരങ്ങൾ തമിഴിലെ സൂപ്പർ സംവിധായകൻ ഗൗതം മേനോൻ,​ ചെമ്പൻ വിനോദ്,​ സംവിധായകൻ ദിലീഷ് പോത്തൻ എന്നിവരാണ്. എന്നിരുന്നാലും ഒരുപടി മുന്നിൽ നിൽക്കുന്നത് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന അവറാച്ചൻ എന്ന കഥാപാത്രമാണ്. ഗിൽബർട്ട് ആയി ചെമ്പൻ വിനോദിന്റെ കൈയടക്കവും അനുഭവിച്ച് അറിയാം. സൗബിൻ ഷാഹിർ അവതരിപ്പിച്ച ടി.വി ജേർണലിസ്റ്റായ മത്തായിയും ഫഹദിന് പൂ‌ർണ പിന്തുണ നൽകുന്നു. ക്ളൈമാക്സ് രംഗങ്ങളിൽ കൈയടി നേടുന്നത് വിനായകൻ അവതരിപ്പിക്കുന്ന വർഗീസ് എന്ന കഥാപാത്രമാണ്. ചെറുതാണെങ്കിൽ കൂടി പ്രേക്ഷകരുടെ മനസിൽ വിനായകൻ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഈ രംഗങ്ങൾ. ധർമ്മജൻ​ ബോൾഗാട്ടി,​ ജോജു ജോർജ്,​ ബേസിൽ ജോസഫ്,​ ശ്രിന്ദ അർഹാൻ,​ അർജുൻ അശോകൻ,​ ഉണ്ണിമായ പ്രസാദ്,​ അശ്വതി മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

trans-movie

നസ്രിയയുടെ തിരിച്ചുവരവ്
'ബാംഗ്ലൂർ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയം തകർന്നതിനെ തുടർന്ന് വിഷാദരോഗത്തിനും മദ്യ​ത്തിനും മയക്കുമരുന്നിനും അടിമയായ അൾട്രാ മോഡോണായ എസ്തറിനെ നസ്രിയ ഗംഭീരമാക്കിയിട്ടുണ്ട്. നസ്രിയയുടെ സ്റ്റൈലിഷ് ലുക്കും ശ്രദ്ധേയം.

ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. രാം ഗോപാൽ വർമ്മയുടെ 'ശിവ'യ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ട്രാൻസിലാണ്. സുശീൽ ശ്യാമും ജാക്‌സൺ വിജയനും ചേർന്ന് നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ജീവവായുവാണ്. അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വാൽക്കഷണം: ഡാർക്ക് ട്രാൻസ്‌ഫർമേഷനാണ്
റേറ്റിംഗ്: 3.5