ഇന്നത്തെ നമ്മുടെ കുട്ടികൾക്ക് ബസിന്റെ ബോർഡിലെ സ്ഥലനാമങ്ങൾ പോലും വായിക്കാനറിയില്ലല്ലോ എന്ന വിഷാദം ഗോപിനാരായണനും ഡോ. ജെസി നാരായണനും പങ്കിട്ടപ്പോഴാണ് എന്റെ ഉള്ളിൽ 'മലയാളം പള്ളിക്കൂടം" എന്ന വികാരവും ആശയവും നാമ്പിട്ടത്. മാതൃഭാഷ നിഷേധിക്കപ്പെട്ട കുട്ടികൾ ലോകത്തെവിടെയും നാവു വെട്ടപ്പെട്ടവരും അന്യരും അനാഥരും അടിമകളും അപകർഷതാബോധം കൊണ്ട് ആത്മശക്തി കെട്ടവരുമായിത്തീരുന്നുവെന്നത് നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. പല നാടുകളും ഇങ്ങനെ സ്വന്തം നാട്ടുകാർക്ക് നഷ്ടപ്പെട്ടു. മാതൃഭാഷയാണ് ഓർമ്മയുടെ സമ്പത്ത്. മാതൃഭാഷയാണ് സംസ്കാരവും വികാരവും പ്രതിഭയും. മാതൃഭാഷയാണ് സ്വാതന്ത്ര്യത്തിന്റെ ശബ്ദവും ഞാനാര് എന്ന തിരിച്ചറിവും.
സ്വന്തം ഭാഷയിൽ പരീക്ഷയെഴുതാൻ പോലും സ്വാതന്ത്ര്യമില്ലാത്ത നാട്ടിൽ എന്ത് ജനാധിപത്യം? ആർക്കുവേണ്ടി ജനാധിപത്യം? ആർക്കുവേണ്ടി മാനവികത? സ്വന്തം ഭാഷയെ നിഷേധിക്കുന്നവൻ മൂഢബുദ്ധിയാണ്.
'എന്റെ ഭാഷ ഞാൻ തന്നെയാണ്" എന്ന് എല്ലാവരും ഒന്നായി ഉണരട്ടെ. എല്ലാവരും ഒന്നാവട്ടെ. മലയാളം പള്ളിക്കൂടം ഈ പ്രാർത്ഥനയോടെയാണ് പ്രവർത്തിക്കുന്നത്. നാളത്തെ കുഞ്ഞുങ്ങളുടെ നാവ് ഇന്നേ അരിയരുത്!