തിരുവനന്തപുരം: ഒരാളുടെ പേരിലുള്ള ഭൂമിക്കെല്ലാം ഒരേ തണ്ടപ്പേര് നൽകുന്ന പദ്ധതി ഡിസംബർ അവസാനത്തോടെ പ്രാബല്യത്തിലാവും. കർമ്മപദ്ധതി തയ്യാറാക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. ആധാർ അധിഷ്ഠിത തണ്ടപ്പേരിന് റവന്യൂ, രജിസ്ട്രേഷൻ, സർവേ രേഖകൾ പരസ്പരം ബന്ധിപ്പിക്കും..
ആധാർ വിവരങ്ങൾ നിർബന്ധമായി ശേഖരിക്കില്ല.ആധാർ വിവരങ്ങൾ നൽകാൻ വരി നിൽക്കേണ്ടിയും വരില്ല. വില്ലേജോഫീസിൽ കരമടയ്ക്കുമ്പോഴോ മറ്റോ വിവരങ്ങൾ നൽകിയാൽ മതി. ഒരാൾക്ക് ഒരു തണ്ടപ്പേര് വരുന്നതോടെ ബിനാമികളുടെ പേരിലുള്ള ഭൂമിയും മിച്ചഭൂമിയും കണ്ടെത്താനാവുമെന്ന് സർക്കാർ കരുതുന്നു. .
ആധാർ വിവരങ്ങൾ നൽകുന്നവർക്കാണ് ഒറ്റ തണ്ടപ്പേര് അനുവദിക്കുക. താല്പര്യമില്ലാത്തവർക്ക് ഇപ്പോഴത്തേത് പോലെ തുടരാം. അതിന്റെ പേരിൽ ഭൂമി നഷ്ടപ്പെടില്ല. സംസ്ഥാനത്ത് ആധാർ രജിസ്ട്രേഷൻ ഏറെക്കുറെ പൂർണ്ണമായതിനാൽ ആധാർ വിവരങ്ങൾ നൽകാത്തവർ കുറവായിരിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. അങ്ങനെയുള്ളവരെ നിരീക്ഷിക്കാനും ആധാർ എടുത്തവർ നൽകാതിരിക്കുന്നത് ക്രമക്കേട് കാട്ടാനാണോയെന്ന് കണ്ടെത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.