കിളിമാനൂർ: വേനൽച്ചൂടിൽ പൊരിയുന്ന കിളിമാനൂരിൽ ചിക്കൻ പോക്സിന്റെ താണ്ഡവം തുടങ്ങി.
കിളിമാനൂർ ടൗൺ യു.പി.എസിലെ 25ഓളം കുട്ടികൾക്കും, രണ്ട് അദ്ധ്യാപകർക്കും രോഗം പിടിപ്പെട്ടു. ഒപ്പം കുടിവെള്ള ക്ഷാമവും ചേർന്നതോടെ കഴിഞ്ഞ ദിവസം എ.ഇ.ഒയുടെ നിർദ്ദേശ പ്രകാരം സ്കൂളിന് അവധി നൽകി.
എന്നാൽ ആദ്യം ഒരാൾക്ക് രോഗം കണ്ടപ്പോൾ തന്നെ സ്കൂൾ അധികൃതർ വേണ്ടത്ര ശ്രദ്ധിച്ചിരുന്നങ്കിൽ അസുഖം പടർന്നു പിടിക്കില്ലായിരുവെന്ന് രക്ഷിതാക്കൾ പറയുന്നു.
സ്കൂളിലെ രണ്ട് കുട്ടികൾ രോഗലക്ഷണവുമായി അടയമൺ പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിയിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും മറ്റ് ആരോഗ്യ പ്രവർത്തകരും സ്കൂളിലെത്തി പരിശോധിച്ചു. രോഗം പകരാൻ സാധ്യത ഉള്ളതിനാൽ സ്കൂളിന് അവധി നൽകാൻ ഹെഡ്മിസ്ട്രസിനോട് നിർദേശിച്ചു. തുടർന്ന് എ.ഇ.ഒ രാജുവിന്റെ നിർദേശപ്രകാരം സ്കൂളിന് അവധി നൽകുകയായിരുന്നു. എന്നാൽ അസുഖം മൂലമല്ല ജലക്ഷാമം കാരണമാണ് അവധി നൽകിയതെന്നാണ് ഹെഡ്മിസ്ട്രസ് അറിയിച്ചത്.