sports-quata
sports

തിരുവനന്തപുരം : കായികകേരളത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ച കായികതാരങ്ങൾ കളിക്കളത്തിൽ കാണിച്ച അർപ്പണബോധം ജോലിയിലും കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 195കായികതാരങ്ങൾക്ക് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന സ്‌പോർട്സ് ക്വാട്ട നിയമനങ്ങളാണ് ഒന്നിച്ചു നടത്തുന്നത്. മികവിനുള്ള അംഗീകാരം കായിക താരങ്ങളുടെ അവകാശമായാണ് സർക്കാർ കാണുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 440താരങ്ങൾക്ക് നിയമനം നൽകി. ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കലം മെഡലുകൾ നേടിയ 83 പേർക്കും ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പി.യു.ചിത്ര, വിസ്മയ എന്നിവർക്കും ജോലി നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഇവർ കൂടി ജോലിയിൽ പ്രവേശിക്കുന്നതോടെ അഞ്ചുവർഷത്തിനുള്ളിൽ നിയമനം നേടുന്ന കായികതാരങ്ങളുടെ എണ്ണം 523 ആകും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയെ റെക്കാർഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്‌ലറ്റിക്‌സ് താരം എം.ഡി താരയ്ക്ക് ആദ്യ ഉത്തരവ് മുഖ്യമന്ത്രി കൈമാറി.സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ മകൻ സുജിത് കുട്ടനും ജോലി ലഭിച്ചു. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ ജെറോമിക് ജോർജ്, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ എന്നിവർ പങ്കെടുത്തു.