നെയ്യാറ്റിൻകര: മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അരുവിപ്പുറം ശിവക്ഷേത്രത്തിലേക്ക് ഇന്ന് ഭക്തജന പ്രവാഹം ഉണ്ടാകും. ഇന്ന് രാത്രി നടക്കുന്ന ആയിരം കുടം അഭിഷേകത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്ന് ഭക്തജനങ്ങൾ എത്തിച്ചേരും.
അരുവിപ്പുറം പ്രതിഷ്ഠയുടെ 132-ാമത് വാർഷികത്തിന്റെയും ശിവരാത്രി മഹോത്സവത്തിന്റെയും ഭാഗമായി പത്തുനാൾ നീണ്ട ആഘോഷങ്ങൾക്ക് മഹാശിവരാത്രി ദിനാഘോഷത്തോടെ സമാപനമാകും. ശിവപ്രതിഷ്ഠയിൽ ആയിരം കുടം അഭിഷേകവുമുണ്ടാകും.
രാവിലെ 11 ന് നടക്കുന്ന പരിസ്ഥിതി സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം.മണി അദ്ധ്യക്ഷനായിരിക്കും. കുന്നുംപാറ ആശ്രമം സെക്രട്ടറി സ്വാമി ബോധി തീർത്ഥ സ്വാഗതം ആശംസിക്കും. എം.എൽ.എമാരായ പ്രതിഭ, അഡ്വ.വി.കെ.പ്രശാന്ത്, അഡ്വ.സതീഷ്, റ്റി.കെ.ദേവകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ജിയോളജി വകുപ്പ് അസി.പ്രൊഫസർ ഡോ.സജിൻകുമാർ .കെ.എസ്, കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ.എം.എ. സിദ്ദിഖ്, എസ്.എൻ.ഡി.പി കോവളം പ്രസിഡന്റ് റ്റി.എൻ.സുരേഷ് എന്നിവർ ആശംസകളർപ്പിക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നന്ദി പറയും.
വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവരാത്രി സന്ദേശം നൽകും. ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യാതിഥിയാകും. എം.പിമാരായ ഡോ.ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ വിശിഷ്ടാതിഥികൾ. മുൻ മന്ത്രി കെ.ബാബു, ബെഹറിൻ ക്യൂ.ഇ.എൽ, ബി.കെ.ജി, എസ്.പി.സി ചെയർമാൻ കെ.ജി.ബാബുരാജ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ, സംസ്ഥാന ഊർജ്ജ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, കണ്ണൂർ ജില്ലാ കളക്ടർ റ്റി.വി.സുഭാഷ്, തിരുവനന്തപുരം എ.ഡി.എം വി.ആർ.വിനോദ്, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ പ്രസംഗിക്കും. ശിവഗിരി മഠം സ്വാമി വിശാലാനന്ദ നന്ദി പറയും. രാത്രി 10 മണിക്ക്
അരുവിപ്പുറം ശിവക്ഷേത്ര സന്നിധിയിൽ ഗുരുദേവ കൃതികളായ പിണ്ഡനന്ദി, ശിവപ്രസാദ പഞ്ചകം, ദൈവചിന്തനം എന്നിവ ആസ്പദമാക്കി ഗിന്നസ് റെക്കാഡ് ജേതാവും മോഹിനിയാട്ടം കലാകാരിയുമായ കലാമണ്ഡലം ഡോ.ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ ഉദ്ഗീഥം നൃത്താവിഷ്കാരം അരങ്ങേറും. ഒരു മണിക്ക് തുടങ്ങി 3.30-ഓടെ അവസാനിക്കുന്ന ആയിരം കുടം അഭിഷേകത്തിനുശേഷം ശനിയാഴ്ച പുലർച്ചെ 4 മണിക്ക് ആറാട്ടിനെഴുന്നള്ളിപ്പും 7 മണിക്ക് ബലിതർപ്പണത്തോടുംകൂടി മഹാശിവരാത്രിക്ക് സമാപ്തിയാകും.