തിരുവനന്തപുരം: ചികിത്സയെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുതിർന്ന സി.പി.എം നേതാവും ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സന്ദർശനം.
വി.എസുമായും ഭാര്യ വസുമതി, മകൻ അരുൺ കുമാർ എന്നിവരുമായും മുഖ്യമന്ത്രി സംസാരിച്ചു. വി.എസിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു പതിനഞ്ച് മിനിറ്റോളം വി.എസിന്റെ അടുത്ത് ചെലവഴിച്ച ശേഷമാണ് അദ്ദേഹം ക്ലിഫ്ഹൗസിലേക്ക് മടങ്ങിയത്.
തലച്ചോറിലുണ്ടായ നേരിയ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയോളം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വി.എസ് കഴിഞ്ഞ നവംബറിലാണ് അസുഖം ഭേദമായി വീട്ടിലേക്ക് പോയത്. അണുബാധ ഒഴിവാക്കാൻ ഏതാനും നാളുകൾ കൂടി വീട്ടിൽ വിശ്രമത്തിൽ കഴിയണമെന്ന ഡോക്ടർമാരുടെ നിർദ്ദേശമുള്ളതിനാൽ പൊതുചടങ്ങുകളിലൊന്നും പങ്കെടുക്കുന്നില്ല. ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസിനെ സന്ദർശിച്ചിരുന്നു.