തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിനെക്കുറിച്ച് നിയമസഭയ്ക്കു മുമ്പാകെ സംസ്ഥാന സർക്കാരാണ് മറുപടി നൽകേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.ജി റിപ്പോർട്ട് തെറ്റാണെന്ന സംസ്ഥാന ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിന് നിയമ സാധുതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികമായ, കണക്കുകളിലെ തെറ്റുകളാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. ചൂണ്ടിക്കാട്ടിയ തെറ്റുകളിൽ മറുപടിയുണ്ടെങ്കിൽ സംസ്ഥാന സർക്കാർ ആ മറുപടി സി.എ.ജിയെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. നിയമസഭയിൽ ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വന്നതിനുശേഷം, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ നടപടികൾ കൈക്കൊള്ളുന്നത് പരിഗണിക്കുമെന്നും വി. മുരളീധരൻ അറിയിച്ചു.