premkumar

വർക്കല: ജീവിത ദുരിതങ്ങൾക്ക് അറുതി നൽകി പ്രേംകുമാർ യാത്രയായി. 30 വർഷം ഫോട്ടോഗ്രാഫറായിരുന്നു ചെറുന്നിയൂർ കാറാത്തല ജി.കെ ഭവനിൽ പ്രേംകുമാർ (54). 24 വർഷം മറ്റൊരാളിന്റെ സ്റ്റുഡിയോയിൽ ജോലി ചെയ്തു. അഞ്ചുവർഷമായി ചെമ്മരുതി തച്ചോട് സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് കാൻസർ പ്രേംകുമാറിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ചികിത്സയ്ക്കായി സമ്പാദ്യമെല്ലാം തീർന്നു. വാടകവീട്ടിലായിരുന്നു താമസം. വാടകയും കുടുംബത്തിന്റെ ചെലവും ബി.എസ് സി നഴ്സിംഗിനു പഠിക്കുന്ന മകൾ പ്രീതിയുടെ ചെലവുമെല്ലാം പ്രതിസന്ധിയിലായി. ഇതറിഞ്ഞ തച്ചോട് പൗരസമിതി പ്രവർത്തകർ സ്വരൂപിച്ച 30000രൂപ പനയറ മിനി ജംഗ്ഷനിലെ വാടകവീട്ടിലെത്തി ഭാര്യ രാജിയെ ഏല്പിച്ചു. തച്ചോട് ബി.എം.എസ് ആട്ടോറിക്ഷ തൊഴിലാളികളും സഹായം നൽകി. പൗരസമിതി പ്രവർത്തകർ മുൻകൈയെടുത്ത് കൂടുതൽ സഹായം എത്തിക്കാനുളള ശ്രമം നടത്തുന്നതിനിടെയാണ് പ്രേംകുമാർ വിടപറഞ്ഞത്. ജോലിതേടി സൗദിഅറേബ്യയിൽ പോയ മകൻ പ്രവീൺ വിസയുടെ കാലാവധി തീർന്നതിനെതുടർന്ന് ജയിലിലായി. മകനെ ഒരുനോക്ക് കാണാൻ കഴിയാതെയാണ് പ്രേംകുമാർ മരണത്തിന് കീഴടങ്ങിയത്. സുഹൃത്തുക്കളും പ്രവാസി മലയാളികളും ചേർന്ന് ഫൈൻ ഒടുക്കി പ്രവീണിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ്. സംസ്കാര ചടങ്ങ് നീട്ടി വച്ചിരിക്കുകയാണ്. അന്തിയുറങ്ങാൻ ഒരുതുണ്ട് ഭൂമിയില്ലാത്ത പ്രേംകുമാറിന്റെ സംസ്കാരം ആറ്റിങ്ങൽ നഗരസഭ ശ്മശാനത്തിൽ നടത്തും. ഭാര്യയെയും രണ്ട് മക്കളെയും അനാഥരാക്കി ഗൃഹനാഥൻ യാത്ര പറയുമ്പോൾ ഇനിയുളള ജീവിതം ഈ കുടുംബത്തിനു മുമ്പിൽ ഒരു ചോദ്യചിഹ്നമാവുകയാണ്...

ഫോട്ടോ: പ്രേംകുമാർ