പരശുരാമൻ കൈയിലിരുന്ന മഴു നീട്ടിയെറിഞ്ഞ് നികത്തിയെടുത്തുണ്ടാക്കിയ സംവിധാനത്തിൽ കുറേ തെക്ക് മാറി തിരുവനന്തപുരത്ത് ഇത്തിരി മണ്ണിൽ നാല് വില്ലകൾ കെട്ടിപ്പൊക്കിയത് അത്ര വലിയ അപരാധമായിട്ടൊന്നും സി.എ.ജി കാണരുതായിരുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നൊക്കെ കേൾക്കുമ്പോൾ ഏതെങ്കിലും മേജർ ജനറലാണെന്ന് ധരിച്ച് സല്യൂട്ടടിക്കാൻ നിൽക്കുന്നയാളല്ല നമ്മുടെ ഡി.ജി.പി ബെഹ്റാജി. എന്നുവച്ച് ബഹുമാനക്കുറവൊന്നുമില്ല. എന്നാൽ കുനിഞ്ഞ് നിന്ന് വണങ്ങിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഒന്നുമില്ലെങ്കിൽ ഡി.ജി.പിയല്ലേ. പോരാത്തതിന് ഒഡിഷയിലെ വലിയ കവിയുമാണ്. മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെടുത്ത പരശുരാമനോളം ശേമുഷിയുള്ള ആളുമാണ്. അതുകൊണ്ട് പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ അതേ മോഡലിൽ തിരുവനന്തപുരത്തെ വഴുതക്കാട് എന്നുപേരായ സ്ഥലത്ത് കടുവാ മാത്തനേഡിനും കോൺഷബിൾ കുട്ടൻപിള്ളയ്ക്കുമായി കരുതിവച്ച സ്ഥലത്ത് പില്ലറടിച്ച് കേറ്റി വില്ലകൾ നാലെണ്ണം കെട്ടിപ്പൊക്കി. ആധുനികോത്തര കാലത്ത് മഴു അത്ര നല്ല ആയുധമോ ഉപകരണമോ അല്ല. ബെഹ്റാജി അതുകൊണ്ട് മാത്രമാണ് ഇവിടെ മഴു ഉപയോഗിക്കാതിരുന്നത്.
ബെഹ്റാജിയുടെ വേദന കടുവാ മാത്തനേഡിനോ, കോൺഷബിൾ കുട്ടൻപിള്ളയ്ക്കോ, എന്തിനേറെപ്പറയുന്നു നമ്മുടെ ചെന്നിത്തല ഗാന്ധിക്കോ പോലും മനസിലാവില്ല. പരശുരാമൻ കേരളമുണ്ടാക്കിയെടുക്കുമ്പോൾ അനുഭവിച്ചതിനെക്കാൾ വലിയ വ്യഥ ആണ് ബെഹ്റാജി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വീടില്ലാത്ത പാവം പൊലീസേമാന്മാരെ ഓർത്താൽ എങ്ങനെ ഉറക്കം വരാനാണ്! തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന താനടക്കമുള്ള ഡി.ജി.പിമാരെയും എ.ഡി.ജി.പിമാരെയും വല്ല തെരുവുനായയും കടിച്ചാൽ ആരുത്തരം പറയും? ചിന്തിച്ചുനോക്കണം, മിസ്റ്റർ.
പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, ഡി.ജി.പിമാർക്കും എ.ഡി.ജി.പിമാർക്കും തലചായ്ക്കാൻ മണ്ണിലിടമില്ല എന്നുള്ള വരികൾ മൂളിപ്പാട്ടായി ബെഹ്റാജിയിൽ നിന്ന് ഇടയ്ക്കിടെ ഉയരാറുണ്ട്. അത് അദ്ദേഹമനുഭവിക്കുന്ന വ്യഥയുടെ ബഹിർസ്ഫുരണമാണ്. കോൺഷബിൾ കുട്ടൻപിള്ളയ്ക്കും കടുവാ മാത്തനേഡിനും തല ചായ്ക്കാൻ എവിടെ വേണമെങ്കിലും വീടുകൾ കിട്ടും. ഇനി അഥവാ വീടില്ലെങ്കിൽ തന്നെ, ഇവന്മാർക്ക് വീടുണ്ടാക്കിക്കൊടുക്കുക എന്നത് ചെറിയ അദ്ധ്വാനമല്ല. എത്ര പണിതാലും പണി തീരാത്ത വീട് ആയി കിടക്കാനേ അത്തരം വീടുകൾക്ക് യോഗമുണ്ടാവൂ. കേന്ദ്രത്തിൽ നിന്ന് വീട് കെട്ടാൻ ന.മോ.ജി കൊടുത്തയച്ച പണമത്രയും ആ സമയം കൊണ്ട് ആവിയായിപ്പോകും. ന.മോ.ജി ആണെങ്കിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചേപ്പിന്നെ കട്ടപ്പുകയാണ് കാര്യങ്ങൾ. ന.മോ.ജി ചില്ലറ തുട്ട് തന്നാൽ തന്നെ അത് മഹാഭാഗ്യം എന്ന സ്ഥിതിയിൽ നീങ്ങുമ്പോൾ കിട്ടുന്ന തുക അങ്ങനെയങ്ങ് ചെലവാക്കിക്കളയാനാവില്ല. ഉള്ളത് കൊണ്ടോണം പോലെയെന്ന മട്ടിൽ കയറിക്കിടക്കാൻ 4- 5 കോടിക്ക് നാല് വില്ലകൾ കെട്ടിയത് അങ്ങനെയാണ്. ആരുമില്ലാത്തവർക്ക് ബെഹ്റാജി തുണ! കെട്ടിയ വില്ലയിലൊന്ന് ബെഹ്റാജിക്ക് സ്വാഭാവികമായും കിട്ടണമല്ലോ, ഡി.ജി.പിയായിപ്പോയില്ലേ. ബെഹ്റാജി ഡി.ജി.പിയായി തുടരുന്ന കാലത്തോളം കേറിക്കിടക്കാനൊരു കൂര. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഡി.ജി.പി സ്ഥാനമൊഴിഞ്ഞാൽ വേണമെങ്കിൽ പിണറായി സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെയും വീട് വാങ്ങാനാവും.
പിണറായിസർക്കാറിന്റെ ലൈഫ് പദ്ധതിയിൽ നിന്ന് നാല് വീട് തരുമോയെന്ന് ഇപ്പോൾതന്നെ പിണറായി സഖാവിനോട് വേണമെങ്കിൽ ബെഹ്റാജിക്ക് ചോദിക്കാമായിരുന്നു. പക്ഷേ ആത്മാഭിമാനം എന്ന് പറയുന്ന ഒന്നുണ്ട്. അത് പിണറായി സഖാവിന് മുന്നിൽ പണയപ്പെടുത്താനുള്ളതല്ലെന്ന് ബെഹ്റാജി തിരിച്ചറിയുന്നു. എങ്കിലും പിണറായി സഖാവിന്റെ ലൈഫ് പദ്ധതിയിലൂടെ കണ്ട അണ്ടനും അടകോടനുമെല്ലാം വീട് വച്ച് സുഖിച്ച് കഴിയുമ്പോൾ ഡി.ജി.പിമാരും എ.ഡി.ജി.പിമാരും പാമ്പുകൾക്ക് മാളമുണ്ട് എന്ന കെ.എസ്. ജോർജിന്റെ പാട്ടും പാടി അലഞ്ഞുനടക്കുന്നതിലെ വൈരുദ്ധ്യം മനസാക്ഷിയുള്ളവർക്ക് വച്ചുപൊറുപ്പിക്കാനാവില്ല. ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്താജിയുടേത് നല്ല മനസാക്ഷിയായത് കൊണ്ട് അദ്ദേഹം അത് തിരിച്ചറിഞ്ഞു. അതാണ് പൊലീസേമാന്മാർക്ക് വില്ലകൾ കെട്ടിക്കൊടുത്തത് നൂറ് ശതമാനം ശരിയായ കാര്യമാണെന്ന് അദ്ദേഹം പിണറായി സഖാവിന് റിപ്പോർട്ട് കൊടുത്തത്. പൊലീസേമാന്മാരുടെ ദൈന്യാവസ്ഥ മേത്താജിയുടെ റിപ്പോർട്ടിൽ നിന്ന് വായിച്ചറിഞ്ഞ പിണറായി സഖാവ് പോലും ഗദ്ഗദകണ്ഠനായെന്നാണ് വിവരം.
വെടിയുണ്ട ഉരുക്കിയെടുത്ത് ശില്പം തീർക്കാൻ ചില്ലറ ഭാവനയൊന്നും മതിയാവില്ല. വലിയ കലാകാരന്മാർക്കേ അത് സാധിക്കൂ. അത്തരം കലാകാരന്മാർ കേരള പൊലീസിൽ ധാരാളമുണ്ടായത് കൊണ്ട് മാത്രമാണ് ഇക്കണ്ട കാലമത്രയും കേരളപൊലീസിൽ നിന്ന് ഭാവനാസമ്പന്നമായ ലീലാവിലാസങ്ങൾ ഉണ്ടായിട്ടുള്ളത്. പ്രശസ്ത കലാനിരൂപകർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്ന നയമാണ് ബെഹ്റാജിയും പിണറായി സഖാവും പിന്നെ ഉപദേഷ്ടാവ് രമൺജി ശ്രീവാസ്തവാജിയും പിന്തുടരുന്നത്. സകല പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേകതരം പെയിന്റടിക്കാനും പൊലീസ് കലാകാരന്മാരെ കുടുകുടാ ചിരിപ്പിക്കാൻ കാർട്ടൂണുകൾ പ്രദർശിപ്പിക്കാനും ബെഹ്റാജി ചട്ടം കെട്ടിയതും അതിനാലാണ്. അതുകൊണ്ട് ഉരുക്കിയെടുത്ത് പുതിയ കലാശില്പങ്ങളുണ്ടാക്കാനായി വെടിയുണ്ടകൾ പ്രത്യേകം ഓർഡർ ചെയ്ത് വരുത്തിക്കാൻ ശ്രീവാസ്തവാജി ബെഹ്റാജിക്ക് ഉപദേശം നൽകുന്നത് നന്നായിരിക്കും.
ഇ-മെയിൽ: dronar.keralakaumudi@gmail.com