നെടുമങ്ങാട് : കോടികൾ ചെലവിട്ട് റോഡ് വികസനം തകൃതിയായി മുന്നേറുമ്പോഴും നിരത്തുകളിൽ അപകട പരമ്പര അവസാനിക്കുന്നില്ല. നികുതി വെട്ടിച്ച് ഓടുന്ന അനധികൃത വാഹനങ്ങളും നിയമ ലംഘകരുമാണ് പൊതു നിരത്തുകളെ ചോരക്കളമാക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ നെടുമങ്ങാട് താലൂക്കിൽ മാത്രം റിപ്പോർട്ട് ചെയ്തത് നൂറിലധികം വാഹനാപകട കേസുകളാണ്. നഗര പ്രദേശങ്ങളേക്കാൾ ഗ്രാമീണ റോഡുകളിലാണ് അപകടം പെരുകുന്നതെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അധികൃതർ സൂചിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റിയിൽ വാഹന പരിശോധന ശക്തമാക്കിയതിനു ശേഷമാണ് നഗരവുമായി അതിർത്തി പങ്കിടുന്ന താലൂക്ക് പ്രദേശങ്ങളിൽ അപകടങ്ങളുടെ തോത് വർദ്ധിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ അനുമാനം. സിറ്റിയിൽ 32 ശതമാനം അപകടങ്ങൾ കുറവ് വന്നപ്പോൾ റൂറലിൽ വർദ്ധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഹെൽമെറ്റ് ധരിക്കാൻ ഇപ്പോഴും കൂട്ടാക്കുന്നില്ല. അമിതവേഗതയും അപകടങ്ങളുടെ തോത് പെരുകാൻ ഇടയാക്കിയിട്ടുണ്ട്. ടിപ്പറുകൾക്കും മണ്ണുമാന്തി യന്ത്രങ്ങൾക്കും സ്കൂൾ, ഓഫീസ് സമയങ്ങളിൽ പൊതുനിരത്തിൽ ജില്ലാ കളക്ടറുടെ യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും മുഖവിലയ്ക്കെടുക്കാറില്ല. കരകുളം എട്ടാംകല്ല് ജംഗ്‌ഷനിൽ ഇന്നലെ ടിപ്പർ ലോറിയുടെ വീൽ കയറി സ്കൂട്ടർ ഓടിച്ചിരുന്ന യുവതിയുടെ കാൽപ്പാദം അറ്റത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വാഹനാപകടങ്ങൾ പെരുകിയ സാഹചര്യത്തിൽ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ബിജുമോന്റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിൽ കഴിഞ്ഞ ദിവസം നടന്ന മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 365 അനധികൃത വാഹനങ്ങളാണ്. 4.22 ലക്ഷത്തിലേറെ രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്. ലൈസൻസില്ലാതെ സ്കൂൾ ബസ് ഓടിച്ചതിനും സുരക്ഷാ മാനദണ്ഡമില്ലാതെ കുട്ടികളെ കൊണ്ടുവന്നതിനും ഉൾപ്പടെ 16 വാഹനങ്ങൾ പിടിച്ചു.
അധികഭാരം കയറ്റിയതും ടാക്സ് ഇല്ലാത്തതുമായ 18 വാഹനങ്ങളു, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 7 വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാത്ത 17 വാഹനങ്ങളും പിടികൂടി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 15 പേർക്കെതിരെയും ഹെൽമറ്റ് ധരിക്കാത്തതിന് 96 പേർക്കെതിരെയും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് 24 പേർക്കെതിരെയും നടപടി സ്വീകരിച്ചു.