nims

തിരുവനന്തപുരം: ശിശു പരിപാലനത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ അഭിപ്രായപ്പെട്ടു. ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും നെയ്യാറ്റിൻകര നിംസ് സ്‌പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ അംഗണവാടി വർക്കർമാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി നിംസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ലിയു.ആർ. ഹീബയുടെ അദ്ധ്യക്ഷതയിൽ നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി. നിംസ് സ്‌പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എം.കെ.സി നായർ 'കുട്ടികളിലെ ജനിതക രോഗങ്ങളും നേരത്തെയുള്ള പരിഹാര മാർഗങ്ങളും ഇടപെടലുകളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവകുമാർ രാജ്,ജനറൽ മാനേജർ ഡോ. കെ.എ.സജു, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പി,നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ജോസഫിൻ, ഡോ. ജിം ഗോപാലകൃഷ്ണൻ, എസ്.എസ്. സോനു എന്നിവർ സംസാരിച്ചു.