പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവപാർവ്വതിമാർക്ക് വൻ ഭക്തജന സാന്നിദ്ധ്യത്തിൽ ആറാട്ട്. ക്ഷേത്രത്തിൽ നിന്നും ദേവീദേവന്മാരെ നെയ്യാറിലെ കാഞ്ഞിരംമൂട് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിക്കുമ്പോൾ നെയ്യാറ്റിൻകര തഹസീൽദാർ മോഹൻകുമാർ, കെ. ആൻസലൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ വാർഡ് മെമ്പർമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തന്ത്രി ഗണേഷ് നാരായണൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ആചാരപ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം വൻ ഭക്തജന സാന്നിദ്ധ്യത്തിൽ ആറാട്ട് കടവിലെത്തി. തുടർന്ന് തന്ത്രി ഗണേഷ് നാരായണൻ പോറ്റി, ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ആറാട്ട് നടത്തി. ആറാട്ട് ഘോഷയാത്രയിൽ ആയിരത്തിൽപരം കലാകാരന്മാരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.