pipe

കഴക്കൂട്ടം: പൈലിംഗിനിടെ വീണ്ടും പൈപ്പ് പൊട്ടിയതിനെ തുടർന്ന് കഴക്കൂട്ടത്തെ എലിവേ​റ്റഡ് ഹൈവേ നിർമ്മാണവും പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലേക്കുള്ള കുടിവെള്ള വിതരണവും തടസപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സി.ആർ.പി.എഫ് ക്യാമ്പിലേക്കുള്ള പൈപ്പ് ലൈൻ പൊട്ടുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പൊട്ടിയ പൈപ്പിന്റെ അ​റ്റകു​റ്റ പണി തിങ്കളാഴ്ചയാണ് പൂർത്തിയാക്കിയത്. പൈപ്പ് ലൈനിന്റെ അലൈൻമെന്റ് നൽകാൻ നിർമ്മാണ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും വാട്ടർ അതോറിട്ടി നൽകിയിരുന്നില്ല. ഇന്നലെ രാവിലെ വീണ്ടും പൈലിംഗ് ആരംഭിച്ചതോടെ കഴക്കൂട്ടം ജംഗ്ഷനിലെ പൈപ്പ് പൊട്ടുകയായിരുന്നു. തുടർന്ന് കാര്യവട്ടം കാമ്പസിലെ വാൽവ് അടച്ചാണ് പൈപ്പിലെ ജലപ്രവാഹം നിയന്ത്റിച്ചത്. അതിനാൽ കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗങ്ങളിൽ ജലവിതരണം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. പൗഡിക്കോണം പുതുകുന്ന് വാട്ടർ ടാങ്കിൽ നിന്ന് പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലേക്ക് ദേശീയപാതയിൽ കൂടിയാണ് 250 എം.എം കാസ്റ്റ് അയൺ പൈപ്പ് ലൈൻ കടന്നുപോകുന്നത്. പൈപ്പിന്റെ സ്ഥാനം കണ്ടുപിടിച്ച് പില്ലറുകളുടെ സ്ഥാനവുമായി ഒത്തുനോക്കിയാൽ മാത്രമേ ഇനിയുള്ള പൈലിംഗ് നടത്താൻ കഴിയുകയുള്ളൂ. അത് ഉടൻ തന്നെ മാർക്ക് ചെയ്ത് നൽകുമെന്നാണ് വാട്ടർ അതോറിട്ടിയുടെ വിശദീകരണം. മേൽപ്പാല നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം ദേശീയ പാതയുടെ മദ്ധ്യഭാഗത്തുകൂടി ആയതിനാൽ പൈലിംഗിനെ ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സമയബന്ധിതമായി പാലം നിർമ്മാണം പൂർത്തിയാക്കാൻ വാട്ടർ അതോറിട്ടിയുമായി ചർച്ച ചെയ്ത് മുന്നോട്ടു പോകാനാണ് മേൽപ്പാല നിർമ്മാണ കമ്പനിയുടെ തീരുമാനം.