തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ ആരോപണവിധേയനായിരുന്ന കാലത്ത് മുഖപ്രസംഗത്തിലൂടെ തനിക്കൊപ്പം നിന്നത് കേരളകൗമുദിയും പത്രാധിപരായിരുന്ന എം.എസ്. മണിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബും കേരള പത്രപ്രവർത്തക യൂണിയനും ചേർന്ന് സംഘടിപ്പിച്ച എം.എസ്. മണി അനുസ്മരണം പ്രസ്‌ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിൻ ആരോപണ വേളയിൽ മാദ്ധ്യമങ്ങളെല്ലാം തന്നെ വേട്ടയാടുകയായിരുന്നു. അപ്പോഴാണ് കേരളകൗമുദിയിൽ തന്നെ പിന്തുണച്ചും കാര്യങ്ങൾ സത്യസന്ധമായി ചൂണ്ടിക്കാട്ടിയും എഡിറ്റോറിയൽ വന്നത്. അന്ന് എം.എസ്. മണിയുമായി അത്ര അടുപ്പമില്ലായിരുന്നു. പിന്നീട് അദ്ദേഹത്തോട് അടുപ്പമുള്ള മറ്റൊരാൾ വഴിയാണ്, ലാവ് ലിൻ കേസിൽ നിജസ്ഥിതി ബോദ്ധ്യപ്പെട്ടെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് പിണറായിക്കെതിരെ വാർത്ത കൊടുക്കില്ലെന്നും എം.എസ്. മണി പറഞ്ഞതായി അറിഞ്ഞത്.
അന്വേഷണാത്മക പത്രപ്രവർത്തനത്തെ അധികാര സ്തംഭങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ അവതരിപ്പിച്ചത് കേരളകൗമുദിയാണ്. കേരളകൗമുദിയിൽ വന്ന 'കാട്ടുകള്ളന്മാർ' എന്ന പരമ്പരയ്ക്കു മുമ്പ് അന്വേഷണാത്മക പത്രപ്രവർത്തനമെന്നത് കേരളത്തിൽ സങ്കല്പമായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലും ഭരണത്തിലും കോളിളക്കമുണ്ടാക്കാൻ ഈ പരമ്പരയ്ക്കായി. കെ.കരുണാകരന്റെ കോട്ടകൾ ദുർബലമായി. കോൺഗ്രസിലെ പ്രബലമായൊരു വിഭാഗം കരുണാകരനെതിരെ തിരിഞ്ഞു. അധികാരകേന്ദ്രത്തെ ചോദ്യം ചെയ്തതിനാൽ എം.എസ്. മണിക്ക് വീട്ടുതടങ്കലെന്ന അവസ്ഥയുണ്ടാവുകയും പത്രത്തിന്റെ ഒാഫീസ് റെയ്ഡ് ചെയ്യപ്പെടുകയും ചെയ്തു- മുഖ്യമന്ത്രി പറഞ്ഞു.
കേരളകൗമുദിയിലെ കാട്ടുകള്ളന്മാർ എന്ന പരമ്പര കേരളത്തിലെ കോൺഗ്രസിൽ ദൂരവ്യാപകമായ ചലനങ്ങളുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ സി.ദിവാകരൻ, ഒ.രാജഗോപാൽ, മുൻ മന്ത്രി നീലലോഹിതദാസ്, ആർ.എസ്.ബാബു, സാബ്ലു തോമസ്, സുരേഷ് വെള്ളിമംഗലം, ആർ.കിരൺബാബു, അഭിജിത്ത് എന്നിവരും സംസാരിച്ചു.