ഇന്ത്യ-ന്യൂസിലൻഡ് ആദ്യടെസ്റ്റിന് ഇന്ന്
വെല്ലിംഗ്ടണിൽ തുടക്കം
ടി.വി ലൈവ്: വെളുപ്പിന് 4 മുതൽ
സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ
വെല്ലിംഗ്ടൺ : ട്വന്റി 20യും ഏകദിനവും കഴിഞ്ഞ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം ടെസ്റ്റിന്റെ ക്ളാസിക്കൽ തലത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അവസാനത്തെ ഇനമായ ടെസ്റ്റിൽ രണ്ടുമത്സരങ്ങളാണുള്ളത്. ഇതിൽ ആദ്യത്തേതിനാണ് ഇന്ത്യൻ സമയം ഇന്ന് വെളുപ്പിന് നാലുമണിമുതൽ വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ തുടക്കമാകുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഇൗ പരമ്പര. ചാമ്പ്യൻഷിപ്പിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകാൻ പോകുന്നത് കിവീസിനെ അവരുടെ മണ്ണിൽ നേരിടുക എന്നതാകും. കിവീസിലേക്ക് വന്നയുടൻ അഞ്ച് ട്വന്റി 20 കളും തൂത്തുവാരിയ ഇന്ത്യയ്ക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ അതേ നാണയത്തിൽ തന്നെ മറുപടി നൽകിയ കിവീസ് ടെസ്റ്റ് പരമ്പര ഏകപക്ഷീയമാകില്ലെന്ന സൂചനയാണ് നൽകുന്നത്.
ടെസ്റ്റിൽ പ്ളേയിംഗ് ഇലവനെ ഒരുക്കുകയാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. ഒാപ്പണിംഗിൽ രോഹിതന് പകരം പൃഥ്വിഷാ, ശുഭ്‌മാൻ ഗിൽ എന്നിവരിൽ ഒരാളെയാകും മായാങ്കിനൊപ്പം നിയോഗിക്കുക. ടെസ്റ്റ ടീമിലെ സ്ഥിരം താരങ്ങളായ ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, അശ്വിൻ എന്നിവർ എത്തിയിട്ടുണ്ട്.
പേസർ ഇശാന്ത് ശർമ്മയും പരിക്ക് മാറി ടീമിനൊപ്പമെത്തി. സാഹയ്ക്ക് പകരം ഋഷഭ് പന്തിന് അവസരം നൽകുമോ എന്ന് അറിയേണ്ടതുണ്ട്.
കിവീസ് ടീമിൽ നായകൻ കേൻ വില്യംസൺ പരിക്ക് മാറിയെത്തിയിട്ടുണ്ട്. പേസർ ട്രെന്റ് ബൗൾട്ടും കളിക്കാനുണ്ടാകും.
ടീമുകൾ ഇവരിൽനിന്ന്
ഇന്ത്യ വിരാട് കൊഹ്‌ലി (ക്യാപ്ടൻ), മായാങ്ക അഗർവാൾ, പൃഥ്വിഷാ, പുജാര, അജിങ്ക്യരഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, ഇശാന്ത് ശർമ്മ, ഷമി, ബുംറ, അശ്വിൻ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ.
ന്യൂസിലാൻഡ്
കേൻവില്യംസൺ (ക്യാപ്ടൻ), ടോം ബ്ളൻഡേൽ, ട്രെന്റ് ബൗൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം, കൈൽ ജാമീസൺ, ടോം ലതാം, ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തീ, റോസ് ടെയ്‌ലർ, ബി.ജെ. വാറ്റ്‌ലിംഗ്.
ബുംറ, ഷമി, ഇശാന്ത് എന്നിവരടങ്ങിയ ഇന്ത്യൻ പേസ് ബൗളിംഗ് നിര ശക്തമാണ്. ക്ഷമയോടെ അവരെ നേരിടും. ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയിൽ നിന്ന് ടീം ഉയിർത്തെണീക്കും.
കേൻ വില്യംസൺ,
ന്യൂസിലൻഡ് ക്യാപ്ടൻ
ആതിഥേയരെന്ന നിലയിൽ ന്യൂസിലൻഡ് തന്നെയാണ് ടെസ്റ്റ് പരമ്പരയിൽ ഫേവറിറ്റുകൾ കിവീസിലെ സാഹചര്യത്തോട് ഞങ്ങൾക്ക് എത്രപെട്ടെന്ന് ഇഴുകിച്ചേരാൻ കഴിയുന്നോ അത്രയും നല്ലത്.
അജിങ്ക്യ രഹാനെ
ഇന്ത്യൻ വൈസ് ക്യാപ്ടൻ
നൂറാമൻ ടെയ്‌ലർ
കിവീസിന്റെ ബാറ്ററൻ ബാറ്റ്സ‌്‌മാൻ റോസ് ടെയ്‌ലർക്ക് ഇന്ന് കരിയറിലെ തിളക്കമേറിയ ദിനമാണ്. 35 കാരനായ ടെയ്‌ലറുടെ 100-ാം ടെസ്റ്റ് മത്സരമാണ് ഇന്ത്യയ്ക്കെതിരായത്. അതുമാത്രമല്ല, ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നിങ്ങനെ മൂന്ന ഫോർമാറ്റുകളിലും 100 അന്താരാഷ്ട്ര മത്സരൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കാഡും ടെയ്‌ലർ സ്വന്തമാക്കും. ടെസ്റ്റിലെയും ഏകദിനത്തിലെയും കിവീസിന്റെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ് ടെയ്‌ലർ. ഇൗ രണ്ട് ഫോർമാറ്റുകളിലുമായി 40 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഇക്കാര്യത്തിലും ടെയ‌്‌ലറെ മറികടക്കാൻ മറ്റൊരു ന്യൂസിലാൻഡ് ബാറ്റ്സ‌്‌മാൻ ഇല്ല.
ഒാർമ്മകളിൽ ശാസ്ത്രി
ഇന്ത്യൻ കോച്ച് രവിശാസ്ത്രിക്ക് ഇന്ന് ആദ്യ ടെസ്റ്റിന് വേദിയാകുന്ന വെല്ലിംഗ്ടണിലെ ബേസിൻ റിസർവ് ഒാർമ്മകളുടെ റിസർവോയറാണ്. 39 വർഷങ്ങൾക്കു മുമ്പ് ഒരു ഫെബ്രുവരി 21ന് രവിശാസ്ത്രി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ 151-ാം നമ്പർ കുപ്പായമണിഞ്ഞ് ആദ്യമത്സരത്തിനിറങ്ങിയത് ഇൗ വേദിയിലാണ്. 1981 ൽ ഇന്ത്യ ന്യൂസിലാൻഡ ടെസ്റ്റ് പരമ്പരയിലേക്ക് ദിലീപ ദോഷിക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി വിളിച്ചുവരുത്തിയതായിരുന്നു അന്ന് 19 കാരനായിരുന്ന ശാസ്ത്രിയെ ആ മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലുമായി ആറു വിക്കറ്റുകൾ ശാസ്ത്രി വീഴ്ത്തിയിരുന്നു.