ട്വന്റി 20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ
ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടുന്നു
ടി.വി ലൈവ്: ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ
സ്പോർട്സ് നെറ്റ്‌വർക്കിൽ
സിഡ‌്‌നി : ചരിത്രത്തിലാദ്യമായി കിരീടത്തിൽ മുത്തമിടുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഇന്ന് ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തിനിറങ്ങുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ഇന്ത്യ ആസ്ട്രേലിയ, ബംഗ്ളാദേശ്, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവരാണ് എ ഗ്രൂപ്പിൽ. പാകിസ്ഥാൻ, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക , തായ‌്‌ലാൻഡ്, വിൻഡീസ് എന്നിവർ ബി ഗ്രൂപ്പിലും.
ഗ്രൂപ്പിലെ പരസ്പരമുള്ള പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുനേടുന്ന രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് എത്തും. മാർച്ച് 5, 6 തീയതികളിൽ സിഡ‌്‌നിയിലാണ് ഫൈനൽ. ഫൈനൽ ലോക വനിതാദിനമായ മാർച്ച് എട്ടിന് മെൽബണിൽ നടക്കും.
ഹർമൻ പ്രീത‌്കൗർ നയിക്കുന്ന ഇന്ത്യൻ വനിത ടീമിനെ വലിയ വെല്ലുവിളിയാണ് ആസ്ട്രേലിയയിൽ കാത്തിരിക്കുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ആസ്ട്രേലിയയും ഇന്ത്യയും ഇംഗ്ളണ്ടും പങ്കെടുത്ത ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റ് ഇതേ വേദിയിൽ നടന്നിരുന്നു. ഇൗ ടൂർണമെന്റിന്റെ ഫൈനലിൽ ആസ്ട്രേലിയയോട് തോൽക്കുകയായിരുന്നു ഇന്ത്യ. പ്രാഥമിക റൗണ്ടിൽ ഒാരോ തവണ വീതം ഇംഗ്ളണ്ടിനോടും ആസ്ട്രേലയോടും ജയിക്കുകയും തോൽക്കുകയും ചെയ്തു ഇന്ത്യ.
അസ്ഥിരതയാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ പോരായ്മ. ത്രിരാഷ്ട്ര പരമ്പരയിൽ തന്നെ തുടർച്ചയായ മത്സരങ്ങളിൽ മികവ് നിലനിറുത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നില്ല. ആദ്യമത്സരത്തിൽ ആസ്ട്രേലിയയെ നേരിടേണ്ടിവരുന്നത് വലിയ വെല്ലുവിളിയാണെന്ന് കരുതുമ്പോൾ തന്നെ ഇൗ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ തുടർന്നുള്ള മത്സരങ്ങളിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങാം എന്ന പ്ളസ് പോയിന്റുമുണ്ട്.
പരിചയ സമ്പന്നരായ മിഥാലി രാജും ജുലാൻ ഗോസ്വാമിയും ഇല്ലാത്ത ഇന്ത്യൻ ടീമിൽ ഹർമൻ ദീവ് കൗർ, സ്മൃതി മന്ദാന എന്നിവരുടെ പരിചയസമ്പത്താണ് ധൈര്യം. കൗമാര വിസമയം ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ശിഖപാണ്ഡെ, റിച്ചഘോഷ്, വേദ കൃഷ്ണമൂർത്തി എന്നിവർ മികച്ച ഫോമിലേക്കെത്തിയാലേ ഇന്ത്യയക്ക് കിരീട പ്രതീക്ഷയുള്ളൂ. പേസറായി ശിഖ പാണ്ഡെ ആണ് ഇന്ത്യൻ ടീമിലുള്ളത്.
ഒന്നോ രണ്ടോ പേരിൽ മാത്രം പ്രതീക്ഷയർപ്പിച്ചല്ല ഞങ്ങൾ ലോകകപ്പിനിറങ്ങുന്നത്. ടീമെന്ന നിലയിലെ കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമേ കിരീടം നേടാനാകൂ എന്ന് നല്ല ബോധമുണ്ട്."
ഹർമൻ പ്രീത് കൗർ
സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ആസ്ട്രേലിയ തന്നെയാണ് ഫേവറിറ്റുകൾ. പക്ഷേ ഇന്ത്യൻ ടീമിനെ അങ്ങനെയങ്ങ് ഒഴിവാക്കാനാവില്ല.
മിഥാലി രാജ്
മുൻ ഇന്ത്യൻ ക്യാപ്ടൻ