malik-muhammadkhan

പാറശാല: നിയന്ത്രണംവിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഇടിച്ചക്കപ്ലാമൂട് പുതുവൽ പുത്തൻവീട്ടിൽ മാലിക് ഫിറോസ്ഖാൻ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ദേശീയപാതയിൽ ഇടിച്ചക്കപ്ലാമൂട് ക്ഷീരസംഘത്തിന് സമീപത്താണ് അപകടം. രാവിലെ പരശുവയ്ക്കൽ ഭാഗത്തു നിന്ന് സുഹൃത്തുമൊത്ത് വീട്ടിലേക്ക് വരുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് വന്ന കാർ എതിർ ദിശയിലൂടെ നടന്നുവരികയായിരുന്ന മാലിക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അമിത വേഗത്തിൽ വന്ന കാർ അപകടത്തെ തുടർന്ന് റോഡിന് സമീപം ഒതുക്കി നിറുത്തിയിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് നിന്നത്. ഗുരുതര പരിക്കേറ്റ മാലിക്കിനെ ഉടൻ തന്നെ പാറശാല ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.വസ്തു ബ്രോക്കറാണ് ഇയാൾ. ഭാര്യ പരേതയായ യുജീനാ ബീവി. മക്കൾ: മുഹമ്മദ് റാഫി, അൽസീന.